പെരുമ്പാവൂരിലെ ജ്വല്ലറിയിൽ നിന്ന് 2700-ഓളം ഗ്രാം സ്വർണം മോഷ്ടിച്ചു: സ്ഥാപനത്തിന്‍റെ മാനേജർ അറസ്റ്റിൽ

പെരുമ്പാവൂരിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നൂറ്റിയമ്പതോളം പ്രാവശ്യം ജോൺസൻ ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച സ്വർണം പണയം വച്ചിട്ടുണ്ട്
പെരുമ്പാവൂരിലെ ജ്വല്ലറിയിൽ നിന്ന് 2700-ഓളം ഗ്രാം സ്വർണം മോഷ്ടിച്ചു: സ്ഥാപനത്തിന്‍റെ മാനേജർ അറസ്റ്റിൽ

പെരുമ്പാവൂർ : പെരുമ്പാവൂരിലെ നക്ഷത്ര ജ്വല്ലറിയിൽ നിന്ന് രണ്ടായിരത്തി എഴുന്നൂറോളം ഗ്രാം സ്വർണം മോഷ്ടിച്ച കേസിൽ സ്ഥാപനത്തിന്‍റെ മാനേജർ ആയിരുന്നയാളെ എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തൃശൂർ പൂത്തോൾ അടിയാട്ട് ലെയിനിൽ ഭവാനി റസിഡൻസിൽ പുലിക്കോട്ടിൽ വീട്ടിൽ ജോൺസൻ (42) ആണ് അറസ്റ്റിലായത്.

2016 മുതൽ 2022 വരെ ഇയാൾ ഇവിടെ ജീവനക്കാരനും, മാനേജരുമായിരുന്നു. പലപ്പോഴായി സ്വർണം മോഷ്ടിച്ച് സ്വർണ്ണ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വക്കുകയോ വിൽക്കുകയോ ചെയ്തിരുന്നു. പെരുമ്പാവൂരിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നൂറ്റിയമ്പതോളം പ്രാവശ്യം ജോൺസൻ ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച സ്വർണം പണയം വച്ചിട്ടുണ്ട്. പണയസ്വർണ്ണം കാലാവധി കഴിഞ്ഞ് തിരിച്ചെടുക്കാൻ കഴിയാതെ വരുമ്പോൾ ഇയാൾ ജോലി ചെയ്യുന്ന ജ്വല്ലറിയിൽ കൊണ്ടുവന്ന് സ്ഥാപനങ്ങളോട് വിൽക്കാൻ നിർബന്ധിക്കുകയും ചെയ്യും. അത് ജ്വല്ലറിയുടെ പേരിൽ വാങ്ങിക്കുകയും ചെയ്യും.

ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ വിപുലമായ ടീം രൂപീകരിച്ചാണ് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചത്. പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുക യായിരുന്നു. പല പ്രാവശ്യങ്ങളിലായാണ് വിവിധ തൂക്കത്തിലുള്ള ആഭരണങ്ങൾ ജോൺസൻ മോഷ്ടിച്ചിരുന്നത്. അന്വേഷണ സംഘത്തിൽ ഡി.വൈ.എസ്.പി വി.രാജീവ്, എസ്.ഐമാരായ ടി.എം.സൂഫി, സന്തോഷ് ബേബി എ.എസ്.ഐ രവിചന്ദ്രൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.ആർ.ശ്രീരാജ്, എൻ.എസ്.സുധീഷ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com