
രാജ്കോട്ട്: വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ രാജ്കോട്ട് കോടതിയാണ് 26കാരന് വധശിക്ഷ വിധിച്ചത്. അഡിഷണൽ ഡിസട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ആർആർ ചൗധരിയുടെ കോടതിയുടേതാണ് ഉത്തരവ്.
2012 മാർച്ച് 16നാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടിയെ ജെതൽസർ ഗ്രാമത്തിലെ താമസക്കാരനായ ജയേഷ് സർവ്വെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. 34 തവണയാണ് പ്രതി പെൺകുട്ടിയെ കുത്തിയത്. സംഭവ ദിവസം വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി അയൽവാസിയായ പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കുകയായിരുന്നു.
എന്നാൽ രക്ഷപ്പെടുന്നതിനായി പെൺകുട്ടി പ്രതിയെ തള്ളിമാറ്റി ഉറക്കെ നിലവിളിച്ചതോടെ പ്രതി കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് സംഭവം ആദ്യം കണ്ടത്. പിന്നാലെ പ്രതിയെ പൊലീസ് പിടികുടി. നാടിനെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധം നടന്നിരുന്നു. പ്രദേശത്ത് ഹർത്താലും നടന്നു.