'പോച്ചർ' വെബ് സീരീസ് യഥാർഥ ലോകത്ത്: ജോസഫ് കുര്യൻ കൊന്നത് പത്തിലേറെ കൊമ്പനാനകളെ

മാമലക്കണ്ടത്ത് മൂന്ന് ആനക്കൊമ്പുകളുമായി കഴിഞ്ഞ ദിവസം പിടിയിലായ ജോസഫ് കുര്യന്‍റെ വാക്കുകൾ വനം വകുപ്പിനെപ്പോലും അതിശയിപ്പിക്കുന്നത്

കോതമംഗലം: മാമലക്കണ്ടത്ത് മൂന്ന് ആനക്കൊമ്പുകളുമായി കഴിഞ്ഞ ദിവസം പിടിയിലായ ജോസഫ് കുര്യന്‍റെ (64) വാക്കുകൾ വനം വകുപ്പിനെപ്പോലും അതിശയിപ്പിക്കുന്നത്. പോച്ചർ എന്ന വെബ് സീരീസിൽ കണ്ടത് വെറും കൽപ്പിത കഥയല്ലെന്നു തോന്നിക്കുന്ന വിധത്തിലുള്ള ആനവേട്ടക്കഥകളാണ് ചുരുളഴിയുന്നത്.

ജോസഫ് കുര്യൻ മാത്രം കേരളത്തിലെ വനങ്ങളിൽനിന്നു പത്തിലേറെ കൊമ്പൻമാരെ വക വരുത്തി. കൈമാറ്റം ചെയ്‌തതും സ്വയം വെടിവച്ചെടുത്തതുമായ കൊമ്പുകൾ സ്വയം കൈകാര്യം ചെയ്തെങ്കിലും ഇയാൾക്ക് പിന്നിൽ മറ്റൊരു സംഘം പ്രവർത്തിച്ചതായും വനംവകുപ്പ് സംശ യിക്കുന്നു.

വേട്ടയാടിയ ആനക്കൊമ്പുകളുമായി മലയാറ്റൂർ വനം ഡിവിഷനിലെ സ്ഥലങ്ങളിൽനിന്നു പശ്ചിമഘട്ടമലനിരകളിലൂടെ മാത്രം സഞ്ചരിച്ച് അവ തിരുവനന്തപുരത്ത് ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിച്ചെന്നും ഒരു തവണ പോയിവരാൻ മാത്രം പതിനേഴ് ദിവസങ്ങളെടുക്കുമായിരുന്നു എന്നുമാണ് ജോസഫ് കുര്യന്‍റെ വെളിപ്പെടുത്തൽ.

വീടുപോലെ പരിചയം കാട്ടിലുള്ള ജോസഫ് ഒറ്റയ്ക്കാണ് കാട്ടിനുള്ളിലൂടെ പതിനേഴ് ദിവസം സഞ്ചരിച്ചിരുന്നത്. ഒട്ടേറെ ആനക്കൊമ്പുകളുടെ കൈമാറ്റം ഇയാൾ നടത്തിയതായി സമ്മതിച്ചിട്ടുണ്ട്.

കിലോയ്ക്ക് പതിനയ്യായിരം രൂപ വരെയായിരുന്നു ഒരു കൊമ്പിന് ലഭിച്ചിരുന്നുതെന്നും അയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തിരുവന്തപുരത്ത് ആർക്കാണ് ഇവ കൈമാറ്റം ചെയ്‌തതെന്ന് ഓർമയില്ലെന്നാണ് മൊഴി. അതു വനംവകുപ്പ് ഉദ്യോഗസ്ഥർ മുഖവിലയ്ക്കെടുത്തിട്ടില്ല. ജോസഫിനെ കസ്‌റ്റഡിയിൽ ലഭിക്കാനായി വനം വകുപ്പ് കോതമംഗലം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

2014 ലെ ഇടമലയാർ ആനവേട്ട കേസിൽ നിന്നും ഇയാൾ എങ്ങനെ രക്ഷപെട്ടു എന്നതിലാണ് ഉദ്യോഗസ്ഥർക്ക് സംശയം. ഇടമലയാർ കേസിലെ മുഖ്യ പ്രതി വാസുവും കൂട്ടാളികളും ചേർന്ന് പല സംസ്ഥാനങ്ങളിൽ നിന്നായി 19 ആനകളെ വെടിവച്ച് വീഴ്ത്തിയതായാണ് കണക്ക്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com