
കോട്ടയം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിന് സമീപമുള്ള മുറിയിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയായ ക്ഷേത്രം പൂജാരിയ്ക്ക് ഇരുപതര വർഷം കഠിന തടവ്. വൈക്കം കുലശേഖരമംഗലം ധന്വന്തരി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന തിരുവനന്തപുരം പാറശാല നടുവന്തിലെ ഭാഗത്ത് ആലക്കോട്ട് ഇല്ലത്ത് കൃഷ്ണപ്രസാദിനെ (26)യാണ് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്ത് ശിക്ഷിച്ചത്. 2 ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും, പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
2018 ഓഗസ്റ്റ് 5 നായിരുന്നു കേസിനാസ്പദമായ സംഭവം. അയർക്കുന്നം സ്വദേശിയായ പതിനഞ്ചുകാരിയെ പ്രതിയായ പൂജാരി, സാമൂഹിക മാധ്യമം വഴിയാണ് പരിചയപ്പെട്ടത്. തുടർന്ന് സംഭവ ദിവസം രാത്രിയിൽ ഇദ്ദേഹം ഓട്ടോറിക്ഷയിൽ അയർക്കുന്നത്തെ പെൺകുട്ടിയുടെ വീട്ടിൽ എത്തി. തുടർന്ന് പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോകുകയും, വൈക്കം കുലശേഖര മംഗലം ക്ഷേത്രത്തിന് സമീപമുള്ള താമസ സ്ഥലത്ത് എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂജാരിയ്‌ക്കൊപ്പം കുട്ടിയുള്ളതായി കണ്ടെത്തി. തുടർന്ന് പൊലീസ് സംഘം പ്രതിയെയും പെൺകുട്ടിയെയും പിടികൂടുകയായിരുന്നു. പോക്‌സോ നിയമം വകുപ്പ് 6 പ്രകാരം 20 വർഷവും, ഐപിസി 506 (1) വകുപ്പ് പ്രകാരം 6 മാസവും കഠിനതടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എം.എൻ പുഷ്‌കരൻ കോടതിയിൽ ഹാജരായി.