മാനസികവൈകല്യമുള്ള പതിനഞ്ചുകാരിയെ പീഡിപ്പിച്ചയാൾക്ക് 34 വർഷം കഠിനതടവ്

വീട്ടിൽ അതിക്രമിച്ചു കയറി ടി വി കണ്ടുകൊണ്ടിരുന്ന പെൺകുട്ടിയെ വായ് പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടുപോയി വീടിന് പിന്നിലെ കുളിമുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു
മാനസികവൈകല്യമുള്ള  പതിനഞ്ചുകാരിയെ പീഡിപ്പിച്ചയാൾക്ക് 34 വർഷം കഠിനതടവ്

പത്തനംതിട്ട : മാനസിക വൈകല്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ പ്രതിക്ക് 34 വർഷം കഠിന തടവും, ഒന്നര ലക്ഷം രൂപ പിഴയും. കൊടുമൺ ഐക്കാട് ചന്ദ്രാലയം വീട്ടിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന ലിജു ചന്ദ്രനാണ് അടൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ( പോക്സോ കോടതി ) ജഡ്ജി സമീർ എ ശിക്ഷിച്ചത്. പിഴ പെൺകുട്ടിക്ക് നൽകണം, അടക്കാതെ വന്നാൽ മൂന്ന് വർഷം അധികം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

കൊടുമൺ പൊലീസ് 2017 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്കായി സ്റ്റേജ് കെട്ടുന്ന പണിയിൽ ഏർപ്പെട്ട പ്രതി, തൊട്ടടുത്ത വീട്ടിൽ അതിക്രമിച്ചു കയറി ടി വി കണ്ടുകൊണ്ടിരുന്ന പെൺകുട്ടിയെ വായ് പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടുപോയി വീടിന് പിന്നിലെ കുളിമുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മാതാവിന്‍റെ പരാതിയിൽ പ്രത്യേക വിദഗ്ദ്ധന്‍റെ സഹായത്തോടെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കൊടുമൺ പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെയും വ്യവസ്ഥപ്രകാരമാണ് ശിക്ഷവിധിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും, 17 രേഖകൾ തെളിവിലേക്ക് ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സ്മിത ജോൺ പി ഹാജരായി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com