നഗ്നചിത്രങ്ങൾ ഉപയോഗിച്ച് 14കാരിയെ ഭീഷണിപ്പെടുത്തി; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം 2 പേർ പിടിയിൽ
കണ്ണൂർ: സൗഹൃദം നടിച്ച് സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവും കൗമാരക്കാരനും അറസ്റ്റിൽ.
തളിപ്പറമ്പ് മുയ്യം ബാവുപ്പറമ്പിലെ തൃച്ചംബരക്കാരൻ വീട്ടിൽ ആദിത്യൻ (18), കൂട്ടുപ്രതിയായ കൗമാരക്കാരൻ എന്നിവരെയാണ് പോക്സോ കേസിൽ തളിപ്പറമ്പ് പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട 14 കാരിയെ സൗഹൃദം നടിച്ച് നഗ്ന ഫോട്ടോയും വീഡിയോയും കൈക്കലാക്കിയ പ്രതികൾ ഇത് മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണവും ആവശ്യപ്പെട്ടത്. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ നിയമ പ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാൻ്റ് ചെയ്തു. കൗമാരക്കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.