വിഷവാതക നിർമാണവും ബോംബ് പരീക്ഷണവും; ഗുജറാത്തിൽ പിടിയിലായ ജെയ്‌ഷ് ഭീകരരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ

ആകെ 40 വ്യത്യസ്ത ഭീകരസാങ്കേതിക വിദ്യകളിലാണ് ഇവർക്ക് പരിശീലനം ലഭിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ
Arrested Jaish-e-Mohammed terrorists

അറസ്റ്റിലായ ജെയ്‌ഷ് ഇ മുഹമ്മദ് ഭീകരസംഘാംഗങ്ങൾ

Updated on

അഹമ്മദാബാദ്: ഗുജറാത്തിൽ അടുത്തിടെ അറസ്റ്റിലായ ജെയ്‌ഷ് ഇ മുഹമ്മദ് ഭീകരസംഘാംഗങ്ങൾ ജമ്മു കശ്മീരിൽ പ്രത്യേക ഭീകരപരിശീലനം നേടിയിരുന്നുവെന്നും വിഷവാതകം നിർമിക്കുന്നതടക്കമുള്ള അതീവ അപകടകരമായ രീതികൾ അഭ്യസിച്ചിരുന്നുവെന്നും ഗുജറാത്ത് ഭീകരവിരുദ്ധ സേന വെളിപ്പെടുത്തി. പ്രതികളെ മെഹ്സാന ജില്ലയിലെ കാഡി കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയാണ് അന്വേഷണസംഘം കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്.

അറസ്റ്റിലായവരിൽ രണ്ടു പേർ ജമ്മു കശ്മീരിലെത്തി എകെ 47 തോക്ക് ഉപയോഗിക്കുന്നതിലും സായുധ ആക്രമണങ്ങളിലും പ്രത്യേക പരിശീലനം നേടിയിരുന്നു. അതിനൊപ്പം സാധാരണ ജൈവവസ്തുക്കൾ ഉപയോഗിച്ച് കാർബൺ മോണോക്സൈഡ് പോലുള്ള മാരക വിഷവാതകം നിർമിക്കുന്ന രീതിയും ഇവരെ പഠിപ്പിച്ചിരുന്നു. ആകെ 40 വ്യത്യസ്ത ഭീകരസാങ്കേതിക വിദ്യകളിലാണ് ഇവർക്ക് പരിശീലനം ലഭിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

വിദേശത്ത് നിന്ന് പ്രവർത്തിക്കുന്ന അബ്ദുല്ല എന്ന ആളുടെ നിർദേശപ്രകാരമാണ് ഈ ഭീകരസംഘം പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. പ്രാദേശിക ശൃംഖല ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി വഡോദരയിലെത്തി ഒരു കശ്മീരി യുവാവുമായി ബന്ധം സ്ഥാപിക്കാനും സംഘം ശ്രമിച്ചിരുന്നു. പരിശീലനത്തിൽ ഒതുങ്ങാതെ ഭീകരാക്രമണത്തിനുള്ള തയ്യാറെടുപ്പുകളും സംഘം നടത്തിയിരുന്നു.

ഗുജറാത്തിലെ എട്ട് വ്യത്യസ്ത സ്ഥലങ്ങളിൽ പരീക്ഷണ സ്ഫോടനങ്ങൾ നടത്തിയിരുന്നു. പരീക്ഷണങ്ങൾക്ക് ശേഷം സോഡിയം ഫോസ്ഫേറ്റ്, വയറുകൾ തുടങ്ങിയ തെളിവുകൾ പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളിൽ ഉപേക്ഷിച്ചെങ്കിലും അന്വേഷണസംഘം അവ കണ്ടെത്തി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വിദേശത്തു നിന്ന് ല‍ഭിച്ച മൂന്നു ലക്ഷം രൂപ ഉപയോഗിച്ച് ഒരു കാറും മോട്ടോർസൈക്കിളും ഇവർ വാങ്ങിയിരുന്നു. അഹമ്മദാബാദിലെ ഒരു ഹോട്ടലിനെ ലക്ഷ്യമിട്ട് രഹസ്യ നിരീക്ഷണം നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.

പ്രതികളുടെ ഒളിത്താവളങ്ങളിൽ നടത്തിയ പരിശോധനയിൽ 43 ജിഹാദി പുസ്തകങ്ങളും ഡിജിറ്റൽ പരിശീലന മാനുവലുകളും കണ്ടെത്തിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് പ്രാദേശിക യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചിരുന്നതായും അന്വേഷണസംഘം വ്യക്തമാക്കി. പ്രതികളുടെ വിദേശബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com