

കസ്റ്റമറായി ചാരനെ അയച്ചു, പിന്നാലെ ഹോട്ടലിൽ റെയ്ഡ്; സെക്സ് റാക്കറ്റ് സംഘത്തിൽ നിന്നും 2 നടിമാരെ രക്ഷപ്പെടുത്തി പൊലീസ്
representative image- Ai
മുംബൈ: ദക്ഷിണ മുംബൈയിലെ ആഢംബര ഹോട്ടലിൽ നിന്നും സെക്സ് റാക്കറ്റ് സംഘത്തെ പൊലീസ് പിടികൂടി. രണ്ട് നടികളെ രക്ഷപ്പെടുത്തുകയും സെക്സ് റാക്കറ്റ് നടത്തിയിരുന്ന ഒരു മേക്കപ്പ് ആർടിസ്‌റ്റിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസ് രക്ഷപ്പെടുത്തിയവരിൽ ഒരാൾ മറാത്തി നടിയും മറ്റൊരാൾ ഹിന്ദി, ബംഗാളി സിനിമകളിൽ അതിഥി വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ളയാളുമാണ്.
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സെക്സ് റാക്കറ്റിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി.
ഗിർഗാവ് പ്രദേശത്ത് ഹോട്ടൽ കേന്ദ്രീകരിച്ച് മനുഷ‍്യക്കടത്ത് നടക്കുന്നുണ്ടെന്ന് ആന്‍റി ഹ‍്യൂമൻ ട്രാഫിക്കിങ് സെല്ലിന് രഹസ‍്യ വിവരം ലഭിച്ചിരുന്നുവെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇവിടെ ഈ ആഴ്ചയുടെ തുടക്കത്തിൽ മിന്നൽ റെയ്ഡ് നടത്തിയതെന്നും ഉദ‍്യോഗസ്ഥർ പറഞ്ഞു. റെയ്ഡിനു മുൻപ് ഒരു വ‍്യാജ ഇടപാടുകാരനെ ഹോട്ടലിലേക്ക് അയക്കുകയും അയാൾ നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കിയ ശേഷമാണ് റെയ്ഡ് നടത്തിയതെന്നും ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി.