

പൊലീസുകാരനെ തല്ലിയ കേസ്: വിചിത്ര നീക്കവുമായി പൊലീസ്, എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം
തിരുവനന്തപുരം: തലസ്ഥാനത്തെ ഷോപ്പിങ് മാളിൽ പൊലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ വിചിത്ര നീക്കവുമായി പൊലീസ്. എആർ ക്യാംപിലെ ഉദ്യോഗസ്ഥൻ മിഥുൻ റോയിക്കാണ് (33) ശനിയാഴ്ച വൈകിട്ട് മർദനമേറ്റത്. സംഭവത്തിനു പിന്നാലെ മിഥുനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു.
മിഥുനും സഹോദരിയും അച്ഛന്‍റെ ഓർമദിനത്തോടനുബന്ധിച്ച് മാളിൽ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു. ഇതിനിടയിലാണ് എസ്എഫ്ഐ പ്രവർത്തകർ അസഭ്യം പറഞ്ഞ് മിഥുനെ പ്രകോപിതനാക്കാൻ ശ്രമിച്ചത്. പിന്നാലെ മിഥുനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിലും വൈറലാണ്. പുതുവത്സര രാത്രിയില്‍ ശംഖുംമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാര്‍ട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐക്കാരേ തല്ലിയ പൊലീസ് സംഘത്തിൽപ്പെട്ടയാളാണ് മിഥുന്‍. ശംഖുംമുഖം അസിസ്റ്റന്‍റ് കമ്മിഷണറുടെ നിര്‍ദേശപ്രകാരമായിരുന്നു അന്നത്തെ പൊലീസ് നടപടി. ഇതിന്‍റെ പ്രതികാര നടപടിയായാണ് മിഥുനെയും സഹോദരിയെയും പിന്തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യം പറയുന്നതും പ്രകോപിക്കുന്നതും മർദിക്കുന്നതും. എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റതിനു പിന്നാലെയാണ് മിഥുനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
സംഭവത്തിൽ മിഥുന്‍റെ പരാതിയിലും എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിലും വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ മിഥുനും സഹോദരിയും ആയുധമുപയോഗിച്ച് ആക്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്. പൊലീസുകാരൻ ഇടിവള ഉപയോഗിച്ച് പ്രവർത്തകരുടെ മുഖത്തും നെഞ്ചത്തും ഇടിച്ചെന്നും സഹോദരി അടിച്ചുകൊല്ലാൻ പറഞ്ഞെന്നും എഫ്ഐആറിൽ പറയുന്നു. ഇതനുസരിച്ച് മിഥുനും സഹോദരിക്കുമെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരമാണ് മിഥുനെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ആരോപണം.
അതേസമയം, മിഥുൻ നൽകിയ പരാതിയിൽ കേസെടുത്തെങ്കിലും പൊലീസ് എസ്എഫ്ഐ പ്രവർത്തകർക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ദൃശ്യങ്ങൾ പരിശോധിച്ച് സാക്ഷി മൊഴി എടുത്തതിനുശേഷമാകും തുടർനടപടി ഉണ്ടാകുകയെന്നാണ് വഞ്ചിയൂർ പൊലീസ് പറയുന്നത്. ഉന്നത ഉദ്യോഗസ്ഥരടക്കം പല പൊലീസുകാരും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.