പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് പൊലീസുകാരൻ; 3 വയസുകാരനായ മകനൊപ്പം കാവൽ നിന്ന് സഹപ്രവർത്തകൻ

പ്രതികൾക്കെതിരേ പോക്സോ നിയമം, ഭാരതീയ ന്യായ സംഹിത, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്തു

Police officer sexually assaults 17-year-old girl

17കാരിയെ പീഡിപ്പിച്ച് പൊലീസുകാരൻ

represrentative image
Updated on

ഭോപ്പാൽ: മധ്യപ്രദേശിൽ 17 വയസുള്ള ദളിത് പെൺകുട്ടിയെ സ്വന്തം മകളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പൊലീസുകാരെ അറസ്റ്റു ചെയ്തു. ഭോപ്പാലിലാണ് സംഭവം.

മധ്യപ്രദേശ് പൊലീസിന്‍റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗമായ മുഖ്യപ്രതി സന്തോഷ് സെൻ, കൂട്ടുപ്രതിയായ ജിതേന്ദ്ര രാജ്പുത്ത് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ജൂലൈ 22ന് വൈകീട്ട് പരിചയക്കാരന്‍റെ മൊബൈൽ ഫോൺ ഉപയോഗിച്ച് സന്തോഷ് സെൻ പെൺകുട്ടിയെ വിളിച്ച് മകളുടെ പിറന്നാൾ ആഘോഷത്തിലേക്ക് ക്ഷണിച്ചു. വൈകീട്ട് 6.30ഓടെ ലാൽ പരേഡ് ഗ്രൗണ്ടിന് സമീപം എത്തിയ പെൺകുട്ടിയെ സന്തോഷ് സെനും ജിതേന്ദ്ര രാജ്പുത്തും രാജ്പുത്തിന്‍റെ മൂന്നു വയസുകാരനായ മകനുമൊത്ത് കാറിൽ കൂട്ടിക്കൊണ്ടുപോയി.

തുടർന്ന് എംപി നഗറിലെ ഒരു വീട്ടിലെത്തിച്ച ശേഷം സന്തോഷ് സെൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഈ സമയം ജിതേന്ദ്ര രാജ്പുത്ത് തന്‍റെ മകനോടൊപ്പം വീടിന് പുറത്തു കാവൽ നിന്നുവെന്നും പൊലീസ് പറയുന്നു.

വീട്ടിലെത്തിയ പെൺകുട്ടി കുടുംബാംഗങ്ങളെ വിവരം അറിയിച്ചതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. സന്തോഷ് സെനിനെതിരേ പോക്സോ നിയമം, ഭാരതീയ ന്യായ സംഹിത, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജിതേന്ദ്ര രാജ്പുത്തിനെതിരെയും ബലാത്സംഗക്കുറ്റം ഒഴികെയുള്ള സമാന വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

logo
Metro Vaartha
www.metrovaartha.com