ശ്രുതി ട്രാപ്പ്: കാശ് പോയവരിൽ പൊലീസ് ഉദ്യോഗസ്ഥരും

ഐഎസ്ആർഒ, ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് വിവാഹവാദ്ഗാനം നൽകി നിരവധി പേരിൽ നിന്ന് പണം തട്ടി
ശ്രുതി ട്രാപ്പ്: കാശ് പോയവരിൽ പൊലീസ് ഉദ്യോഗസ്ഥരും
ശ്രുതി ചന്ദ്രശേഖർ

കാസർഗോഡ്: ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയ യുവതിക്കായി അന്വേഷണം. ഹണിട്രാപ്പിൽ പെട്ട് പണം നഷ്ടമായ പൊയിനാച്ചി സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ കാസർഗോഡ് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖറിനെതിരെയാണ് മേൽപ്പറമ്പ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർ ശ്രുതി ചന്ദ്രശേഖരന്‍റെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. മാനഹാനി ഭയന്ന് പോലീസുകാർ പരാതിയുമായി മുന്നോട്ടുവന്നില്ല.

പൊയിനാച്ചി സ്വദേശിയായ യുവാവ് ഇൻസ്റ്റഗ്രാം വഴിയാണ് ശ്രുതി ചന്ദ്രശേഖറിനെ പരിചയപ്പെടുന്നത്. ഐഎസ്ആർഒ ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെട്ട യുവതി വിവാഹ വാഗ്ദാനം നൽകിയിരുന്നു. ഐഎസ്ആർഒയിൽ അസിസ്റ്റന്‍റ് എൻജിനീയറാണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ രേഖകളും കാണിച്ചിരുന്നു. യുവാവിന്‍റെ പക്കൽ നിന്നും ഒരു ലക്ഷം രൂപയും ഒരു പവൻ സ്വർണവുമാണ് ഇവർ തട്ടിയെടുത്തത്. പണം നഷ്ടമായതോടെ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഐഎസ്ആർഒയുടെ പേരിൽ വ്യാജരേഖകൾ ചമച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്.

പുല്ലൂർ - പെരിയ സ്വദേശിയായ യുവാവിനെ ശ്രുതി ചന്ദ്രശേഖർ മംഗലാപുരത്ത് പീഡനക്കേസ് നൽകി ജയിലിലാക്കിയിരുന്നു. ഇത് തട്ടിപ്പാണെന്ന് പിന്നീട് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. അഞ്ച് ലക്ഷം രൂപയാണ് ശ്രുതി ഇയാളിൽ‌ നിന്ന് തട്ടിയെടുത്തത്. ഐഎസ്ആർഒ എൻജിനീയർ ചമഞ്ഞും ഐഎഎസ് വിദ്യാർഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്. വിവാഹ വാഗ്ദാനം നൽകിയാണ് എല്ലാവരെയും ‌കബളിപ്പിക്കുന്നത്. ഇവരുടെ തട്ടിപ്പിനിരയായവർ പരാതിയുമായി വരുംദിവസങ്ങളിൽ മുന്നോട്ടുവരുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.

Trending

No stories found.

Latest News

No stories found.