എറണാകുളത്ത് ഗതാഗതനിയമങ്ങൾ ലംഘിച്ച 700-ഓളം പേർക്കെതിരെ നടപടി

ഇതിൽ 142 പേർ മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചവരാണ്
representative image
representative image

എറണാകുളം: എറണാകുളം റൂറൽ ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച എഴുനൂറോളം പേർക്കെതിരെ പൊലീസ് നടപടി. ഇതിൽ 142 പേർ മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചവരാണ്. റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ ആലുവ, പെരുമ്പാവൂർ, പുത്തൻ കുരിശ്, മൂവാറ്റുപുഴ, മുനമ്പം സബ് ഡിവിഷനുകളിൽ പ്രത്യേകം സ്ക്വാഡ് രൂപീകരിച്ചായിരുന്നു പരിശോധന.

അനധികൃത മദ്യവിൽപ്പന, പൊതുസ്ഥലങ്ങളിൽ മദ്യപാനം തുടങ്ങിയ കേസുകൾക്ക് 61 പേർക്കെതിരെയും, നിരോധിത പുകയില ഉൽപന്നങ്ങൾ ഉപയോഗിച്ചതിന് 29 പേർക്കെതിരെയും, മയക്കുമരുന്ന് ഉപയോഗത്തിന് 23 പേർക്കെതിരെയും നടപടി സ്വീകരിച്ചു. വിവിധ കേസുകളിൽ വാറന്‍റ് പുറപ്പെടുവിച്ചിട്ടും മുങ്ങിനടന്ന 21 പേരെ അറസ്റ്റ് ചെയ്തു. എൻ.ഐ.എ വാറണ്ടുള്ള 7 പേരും, ഫാമിലി കോർട്ടിൽ നിന്നും വാറണ്ടുള്ള 4 പേരും പിടിയിലായി.

അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് 3 കേസുകൾ രജിസ്റ്റർ ചെയ്തു. കാപ്പ പ്രകാരം നാടുകടത്തപ്പെട്ടവർ ഉത്തരവ് ലംഘിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തി. ഇത്തരം 15 പേരെക്കുറിച്ചായിരുന്നു ചെക്കിംഗ്. കെ.ഡി, ഡി.സി ,റൗഡി ഹിസ്റ്ററി ഷീറ്റ് തുടങ്ങിയവയിൽ ഉൾപ്പെട്ട 335 പേരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി. ഹോട്ടൽ, ലോഡ്ജ് ഉൾപ്പടെ 217 ഇടങ്ങളിലും, തീവണ്ടികളിലും, സ്ഫോടക വസ്തു സൂക്ഷിക്കാൻ ലൈസൻസുള്ള സ്ഥാപനങ്ങളിലും പരിശോധന ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com