കോട്ടയത്ത് 8 മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍

അസ്വഭാവിക മരണത്തിന് കേസെടുത്തത് പൊലീസ്
pregnant woman found dead in in-laws' house Kottayam

കോട്ടയത്ത് 8 മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍

Representative image
Updated on

കോട്ടയം: 8 മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പന്തറ കണ്ടാറ്റുപാടം മുതു‌കാട്ടുപറമ്പില്‍ അഖില്‍ മാനുവലിന്‍റെ ഭാര്യ അമിത സണ്ണിയാണ് (32) മരിച്ചത്. ഞായറാഴ്ച രാത്രി 10.30 യോടെയാണ് സംഭവം. ഞായറാഴ്ച രാത്രി അമിത വീട്ടു‌കാരെ ഫോണില്‍ വിളിച്ച് താന്‍ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. അമിതയുടെ വീട്ടു‌കാര്‍ ഫോണില്‍ തിരികെ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെ അഖിലിനെ ഫോണില്‍ വിളിച്ചു വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അഖില്‍ വന്നു നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ അമിതയെ ‌കാണുന്നത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമിത മരണപ്പെട്ടിരുന്നു. മകനും മരുമകളും തമ്മില്‍ വഴക്കിട്ടതായും പിന്നീട് അഖില്‍ പുറത്തേക്ക് പോയ സമയത്താണ് അമിത തൂങ്ങിയതെന്നുമാണ് അഖിലിന്‍റെ മാതാവ് ഷേര്‍ളി പൊലീസിന് നൽകിയ മൊഴി.

വൈക്കം തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകിട്ട് 4ന് അമിതയുടെ ഇടവകയായ കടപ്ലാമറ്റം സെന്‍റ് മേരീസ് പള്ളിയില്‍ സംസ്‌കാരം നടക്കും.

സൗദിയില്‍ നഴ്‌സായി ജോലി നോക്കിയിരുന്ന അമിത ഒരു വര്‍ഷത്തോളമായി നാട്ടില്‍ത്തന്നെയാണ്. അമിതയുടെ മക്കളായ അനയ (4), അന്ന (2) എന്നീ കുട്ടികള്‍ നിവലിൽ യുവതിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. മരണം സംബന്ധിച്ച് ഇതുവരെ ബന്ധുക്കളാരും പരാതി നല്‍കിയിട്ടില്ലെന്നും അസ്വഭാവിക മരണത്തിന് കേസെടുത്തതായും മേല്‍നടപടികള്‍ സ്വീകരിച്ചതായും കടുത്തുരുത്തി പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com