ഗർഭിണിയായ യുവതിയെ ചവിട്ടിക്കൊന്ന് പൊലീസ്; യുപിയിൽ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ‌

ഫിറോസാബാദിലെ ശികോഹാബാദ് മേഖലയിലാണ് സംഭവം
Pregnant woman kicked to death by police; six police personnel suspended in UP.

ഗർഭിണിയായ യുവതിയെ ചവിട്ടിക്കൊന്ന് പൊലീസ്; യുപിയിൽ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ‌

Updated on

ഫിറോസാബാദ്: ഉത്തർപ്രദേശിൽ മോഷണക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘം പ്രതിയുടെ ഗർഭിണിയായ ഭാര്യയെ ചവിട്ടിക്കൊന്നു. സംഭവത്തിൽ രണ്ട് സബ് ഇൻസ്പെക്റ്റർമാർ അടക്കം ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഫിറോസാബാദിലെ ശികോഹാബാദ് മേഖലയിലാണ് സംഭവം.

ലാഭൗവ ഗ്രാമനിവാസി ഗൗരവിന്‍റെ (32) ഭാര്യയായ അഞ്ജലി (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.45നാണ് സബ് ഇൻസ്‌പെക്റ്റർ ധർമപാൽ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗൗരവിനെ അറസ്റ്റ് ചെയ്യാൻ വീട്ടിൽ എത്തിയത്. ഭർത്താവിനെ കൊണ്ടുപോകരുതെന്ന് ഗർഭിണിയായ അഞ്ജലി പൊലീസിനോട് അഭ്യർഥിക്കുന്നതിനിടെ ധർമപാൽ സിങ് യുവതിയുടെ വയറിൽ ചവിട്ടിയെന്നും തുടർന്ന് യുവതി നിലത്ത് വീണെന്നും കുടുംബം ആരോപിച്ചു.

ഗൗരവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയതിന് പിന്നാലെ അഞ്ജലിയുടെ ആരോഗ്യനില വഷളായി. തുടർന്ന് അഞ്ജലിയെ ശികോഹാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ അവിടെവച്ച് അഞ്ജലി ആൺകുഞ്ഞിന് ജന്മം നൽകി. പ്രസവത്തിന് പിന്നാലെ ആരോഗ്യനില കൂടുതൽ വഷളായതോടെ അഞ്ജലിയെ ഫിറോസാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവതി മരിച്ചതായി ഡോക്റ്റർമാർ അറിയിച്ചതായി കുടുംബം പറഞ്ഞു.

അഞ്ജലിയുടെ മരണവിവരം അറിഞ്ഞതോടെ പൊലീസ് ഗൗരവിനെ വിട്ടയച്ചു. യുവതിയുടെ മരണവിവരം പുറത്തുവന്നതിനു പിന്നാലെ ഗ്രാമവാസികൾ പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ചു.

അതേസമയം നവജാത ശിശുവിന്‍റെ ആരോഗ്യനിലയും ഗുരുതരമാണെന്നും തുടർചികിത്സയ്ക്കായി ആഗ്രയിലേക്ക് മാറ്റിയതായും കുടുംബം അറിയിച്ചു.

അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് സബ് ഇൻസ്‌പെക്റ്റർമാരായ ധർമപാൽ സിങ്, സത്യപാൽ സിങ്, ഹെഡ് കോൺസ്റ്റബിൾമാരായ മോഹൻ സിങ്, അർവിന്ദ് കുമാർ, കോൺസ്റ്റബിൾമാരായ ഭവതോഷ് കുമാർ, കുൽദീപ് കുമാർ എന്നിവരെ അടിയന്തരമായി സസ്‌പെൻഡ് ചെയ്തതായി അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് രവി ശങ്കർ പ്രസാദ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി വൈകി യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം അന്നു തന്നെ സംസ്കരിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങ് നടത്തിയത്.

logo
Metro Vaartha
www.metrovaartha.com