
കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിനു വധഭീഷണി. ഫെഫ്കെയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം എത്തിയത്. സാന്ദ്രയെ കൊല്ലുമെന്നാണ് ഭീഷണി. സാന്ദ്രയുടെ അച്ഛനെതിരേയും സന്ദേശത്തിൽ അസഭ്യ പ്രയോഗം നടത്തിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന്, പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫിനെതിരേ സാന്ദ്ര പൊലീസിൽ പരാതി നൽകി.
സിനിമാ നിർമാണത്തിന് പ്രൊഡക്ഷൻ കൺട്രോളർമാരുടെ ആവശ്യമില്ലെന്ന സാന്ദ്രയുടെ പരാമർശത്തിനു പിന്നാലെയാണ് ഫെഫ്കെയുടെ 400 അംഗങ്ങൾ അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഭീഷണി സന്ദേശം എത്തിയത്.
കഴിഞ്ഞ മാർച്ചിൽ പൊലീസ് കമ്മിഷണർക്കു നൽകിയ പരാതിയിൽ ആദ്യം കേസെടുത്തിരുന്നെങ്കിലും പിന്നീട് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്ന ആരോപണമാണ് സാന്ദ്ര ഉന്നയിക്കുന്നത്. ഫെഫ്ക ജനറൽ സെക്രട്ടറിയുടെ സ്വാധീനമാകും അതിന് കാരണമെന്നും, ചെറിയ കാര്യങ്ങൾക്കു പോലും പ്രതികരിക്കുന്ന ജനറൽ സെക്രട്ടറി എന്തുകൊണ്ട് ഇതിൽ പ്രതികരിച്ചില്ലെന്നും സാന്ദ്ര ചോദിക്കുന്നു. ഇനി ഡിജിപിക്കും വിജിലൻസിനും പരാതി നൽകുമെന്നും, കോടതിയിലാണ് ഇനി വിശ്വാസമെന്നും സാന്ദ്ര വ്യക്തമാക്കി.
"നീ ഒരു പെണ്ണല്ലേടീ, നീ എനിക്കെതിരേ കേസ് കൊടുത്തു. കൂടുതൽ വിളഞ്ഞാൽ തല്ലിക്കൊന്ന് കാട്ടിൽക്കളയും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെപ്പറ്റി അനാവശ്യം പറഞ്ഞാല്‍ ആദ്യം അപ്പനെ എടുത്ത് കമ്പത്തില്‍ കെട്ടി ഞാനടിക്കും. കൊല്ലും, തല്ലിക്കൊന്ന് ജയിലില്‍ പോകും. തോമസിനെ നാളെ ചെവിക്കല്ലടിച്ച് പൊട്ടിക്കും ഞാന്‍. അപ്പോള്‍ ഇവള്‍ ദുഃഖിക്കണം. ഇവളറിയണം, സാന്ദ്ര അറിയണം. സാന്ദ്ര എന്തിനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ മലയാള സിനിമയ്ക്ക് വേണ്ടെന്ന് പറഞ്ഞത്" എന്നിങ്ങനെയുളള ഭീഷണി സന്ദേശമാണ് വാട്സ് ആപ്പ് ഗ്രൂപ്പിൽ വന്നത്.