

ഡൽഹിയിൽ സ്പായുടെ മറവിൽ പെൺവാണിഭം; മാനേജർ അറസ്റ്റിൽ, 4 സ്ത്രീകളെ രക്ഷപ്പെടുത്തി
representative image- Ai
ന‍്യൂഡൽഹി: സ്പായുടെ മറവിൽ പെൺവാണിഭം നടത്തി വരുകയായിരുന്ന സംഘത്തെ പിടികൂടി. ഡൽഹിയിലെ പഹാർഗഞ്ചിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. സ്പായുടെ മാനേജറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പഞ്ച്കുയാൻ റോഡിലുള്ള സ്പായിൽ നടത്തിയ റെയ്ഡിൽ 26നും 40നും ഇടയിൽ പ്രായമുള്ള 4 സ്ത്രീകളെ രക്ഷപ്പെടുത്തി.
കൂടുതൽ പേർ ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നത് കണ്ടെത്താൻ ഇവരുടെ മൊഴി രേഖപ്പെടുത്തികൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പഞ്ച്കുയാൻ റോഡിലുള്ള ഒരു കെട്ടിടത്തിന്‍റെ രണ്ടാം നിലയിലുള്ള എസ്ഐഎൻ സ്പായിൽ മനുഷ‍്യക്കടത്ത് നടക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവിടെ വേശ‍്യാവൃത്തി നടക്കുന്നുണ്ടെന്നും ആരോപണമുണ്ടായിരുന്നു.
ഇത് പരിശോധിക്കാൻ വേണ്ടി 2,000 രൂപയും നൽകി സ്പായിലേക്ക് പൊലീസ് ഒരാളെ പറഞ്ഞു വിട്ടു. തുടർന്ന് സ്പാ നടത്തിപ്പുകാരൻ വേശ‍്യാവൃത്തി സേവനങ്ങൾ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് പറഞ്ഞു വിട്ട ആൾ നൽകിയ പണം സ്പാ നടത്തിപ്പുകാരൻ വാങ്ങുകയും പരിസരത്തുണ്ടായിരുന്ന സ്തത്രീകളിൽ ഒരാളെ മുറിയിലേക്ക് കൊണ്ടുപോകാനും നിർദേശിച്ചു. മുൻകൂട്ടി വിവരം ലഭിച്ചതു പ്രകാരം പൊലീസ് സ്ഥലത്തെത്തി പരിസരം വളഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മുൾട്ടാനി ദണ്ഡയിലെ നബി കരീമിൽ താമസിക്കുന്ന അജയ് മൽഹോത്രയാണ് അറസ്റ്റിലായത്. സ്പായുടെ മറവിൽ വേശ‍്യാവൃത്തി നടത്തിയിരുന്നതായി പ്രതി സമ്മതിച്ചതായി പൊലീസ് വ‍്യക്തമാക്കി. പഹാർഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് നടത്തിയ റെയ്ഡിൽ 3400 രൂപ പണം, കസ്റ്റമർ രജിസ്റ്റർ, ഉപയോഗിക്കാത്ത 7 കോണ്ടം, നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കൾ എന്നിവ പൊലീസ് കണ്ടെടുത്തു.