
ഹർമീത് സിങ് ധില്ലോൺ പത്തൻമജ്ര
file image
ചണ്ഡീഗഢ്: ബലാത്സംഗ കേസിൽ അറസ്റ്റിലായ എഎപി എംഎൽഎ ഹർമീത് സിങ് ധില്ലോൺ പത്തൻമജ്ര പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടതായി വിവരം. ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തത്. എന്നാൽ പൊലീസിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഇക്കാര്യത്തിൽ ലഭ്യമല്ല.
പൊലീസ് ചൊവ്വാഴ്ച വീട്ടിലെത്തി പത്തൻമജ്രയെ കസ്റ്റഡിയിലെടുത്ത് പ്രാദേശിക സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ അദ്ദേഹവും സഹായികളും വെടിയുതിർക്കുകയും കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. വെടിവെപ്പിൽ ഒരു പൊലീസുകാരന് പരുക്കേറ്റു. രക്ഷപ്പെടാൻ ഉപയോഗിച്ച ഒരു ഫോർച്യൂണർ പിടിച്ചെടുത്തെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. തെരച്ചിൽ പുരോഗമിക്കുകയാണ്
എഫ്‌ഐആർ പ്രകാരം, ബലാത്സംഗം, വഞ്ചന, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പത്തൻമജ്രയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്. എംഎൽഎ വിവാഹമോചിതയായിയെന്ന് തെറ്റിധരിപ്പിച്ച് താനുമായി ബന്ധം പുലർത്തി, വിവാഹിതനായിരിക്കെ തന്നെ 2021 ൽ വിവാഹം കഴിച്ചു എന്നിവ ചൂണ്ടിക്കാട്ടി സിറക്പൂർ സ്വദേശിയായ ഒരു സ്ത്രീ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർച്ചയായ ലൈംഗിക ചൂഷണം, ഭീഷണി,അശ്ലീല വീഡിയോകൾ അയച്ചു നൽകി എന്നീ കുറ്റങ്ങളും ആരോപിക്കുന്നുണ്ട്.