മാതാപിതാക്കളെയും സഹോദരനെയും കൊല്ലാൻ യുവാവിന്‍റെ ക്വൊട്ടേഷൻ; ആളു മാറി കൊന്നത് അതിഥികളെ

സംഭവം നടന്ന് 72 മണിക്കൂറിനുള്ളിൽ പൊലീസിനു കേസ് തെളിയിക്കാൻ സാധിച്ചു. അന്വേഷണം സംഘത്തിന് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
അറസ്റ്റിലായ മുഖ്യപ്രതി വിനായക്.
അറസ്റ്റിലായ മുഖ്യപ്രതി വിനായക്.

ബംഗളൂരു: കർണാടകയിലെ ഹുബ്ബളിയിൽ നാലു പേർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് എട്ടു പേരെ അറസ്റ്റ് ചെയ്തു. 65 ലക്ഷം രൂപയുടെ ക്വൊട്ടേഷൻ പ്രകാരം നടത്തിയ കൊലപാതകങ്ങളായിരുന്നു ഇതെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

വിനായക് ബകാലെ എന്നയാളാണ് സ്വന്തം മാതാപിതാക്കളെയും സഹോദരനെയും കൊല്ലാൻ ക്വൊട്ടേഷൻ കൊടുത്തത്. എന്നാൽ, വാടകക്കൊലയാളികൾ ആളു മാറി കൊന്നത് വീട്ടിലെത്തിയ അതിഥികളെ ആയിരുന്നു. വെള്ളിയാഴ്ച രാത്രി രണ്ടരയ്ക്ക് വീടിന്‍റെ മുകളിലെ ജനാലയിലൂടെ ഉള്ളിൽ കയറിയാണ് കൃത്യം നടത്തിയത്.

പ്രകാശ് ബകാലെ എന്നയാളുടെ ആദ്യ ഭാര്യയിലെ മകനാണ് വിനായക്. അച്ഛനെയും രണ്ടാനമ്മയെയും അർധ സഹോദരനെയും കൊല്ലാനായിരുന്നു പദ്ധതി. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രകാശ് ബകാലെയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയ മുനിസിപ്പിൽ കൗൺസിൽ വൈസ് പ്രസിഡന്‍റിന്‍റെ മകൻ കൂടിയായ കാർത്തിക് ബകാലെയും മൂന്നു കുടുംബാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. ഇവരാണ് മുകൾ നിലയിലെ കിടപ്പുമുറിയിൽ ഉറങ്ങിയിരുന്നത്.

അറസ്റ്റിലായ എട്ടു പേരിൽ വിനായക് ബകാലെയും ഉൾപ്പെടുന്നു. ഇയാളുടെ പേരിൽ പ്രകാശ് ബകാലെ തന്‍റെ ചില സ്വത്തുക്കൾ എഴുതിവച്ചിരുന്നു. എന്നാൽ, വിനായക് ഇതു വിൽക്കൻ ശ്രമിച്ചപ്പോൾ പ്രകാശ് എതിർത്തു. ഇതാണ് തർക്കത്തിനു കാരണമായത്. വിനായകും ബകാലെ കുടുംബത്തിനൊപ്പം ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്.

പ്രകാശ് ബകാലെയുടെ ആദ്യ ഭാര്യയിലെ മൂത്ത മകൻ ‌ദത്താത്രേയ ബകാലെയെ ആയിരുന്നു പൊലീസ് ആദ്യം സംശയിച്ചിരുന്നത്. ഇയാൾ നേരത്തെ തന്നെ അച്ഛനുമായി കലഹിച്ച് വീടു വിട്ടു പോയതാണ്. പൊലീസ് സ്വാഭാവികമായും ദത്താത്രേയയെ സംശയിക്കത്തക്ക വിധത്തിലായിരുന്നു വിനായകിന്‍റെ ആസൂത്രണം.

സംഭവം നടന്ന് 72 മണിക്കൂറിനുള്ളിൽ പൊലീസിനു കേസ് തെളിയിക്കാൻ സാധിച്ചു. ഗദാഗ് എസ്‌പി ബി.എസ്. നേമഗൗഡയുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘത്തിന് കർണാടക പൊലീസ് മേധാവി അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.