
കൊല്ലപ്പെട്ട ഹൻസ്റാം | മൃതദേഹം കണ്ടെത്തിയ ഡ്രം
ജയ്പൂർ: രാജസ്ഥാനിലെ ഖൈർത്താൽ-തിജാരയിലെ വാടക വീട്ടിലെ ഡ്രമ്മിനുള്ളിൽ നിന്നും യുവാവിന്‍റെ അഴുകിയ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ മരിച്ചയാളുടെ ഭാര്യയും അവരുടെ കാമുകനേയും തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. അയൽക്കാർ ദുർഗന്ധത്തെക്കുറിച്ച് പരാതിപ്പെട്ടതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തുന്നത്.
ഉത്തർപ്രദേശിലെ ഷാജഹാൻപൂർ സ്വദേശിയായ ഹൻസ്റാം ഭാര്യക്കും 3 കുട്ടികൾക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഒരു ഇഷ്ടികക്കളത്തിൽ ജോലി ചെയ്തിരുന്ന ഇയാളും കുടുംബവും കഴിഞ്ഞ 2 മാസമായി ഈ വാടകമുറിയിലാണ് താമസം. ഈ വീട്ടുടമയുടെ മകനായിരുന്നു ജിതേന്ദ്രയ. ഇയാളുടെ ഭാര്യ 12 വർഷം മുൻപ് മരിച്ചിരുന്നു. ഹൻസ്റാം മദ്യത്തിന് അടിമയായിരുന്നെന്നും പലപ്പോഴും ജിതേന്ദ്രയുമൊത്ത് മദ്യപിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
എന്നാൽ കഴിഞ്ഞ ശനിയാഴ്ച മുതൽ ഭാര്യ സുനിതയും വീട്ടുടമസ്ഥന്‍റെ മകനായ ജിതേന്ദ്രയും 3 കുട്ടികളുമായി ഒളിവിലായിരുന്നു. ഞായറാഴ്ചയോടെയാണ് ഇവരുടെ വീടിന്‍റെ ടെറസിലെ നീല നിറത്തിലുള്ള ഡ്രമ്മിനുള്ളിൽ നിന്നും ഹൻസ്റാമിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നതായും മൃതദേഹം വേഗത്തിൽ അഴുകാന്‍ ശരീരത്തിൽ ഉപ്പ് പുരട്ടിയിരുന്നതായി പൊലീസ് പറയുന്നു.
ഈ സംഭവം ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന 'ബ്ലൂ ഡ്രം' കൊലപാതക കേസിന്‍റെ ഓർമ്മകൾ പുതുക്കി. മുസ്കാൻ രാഷ്ട്രോഗിയും അവരുടെ കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് ഭർത്താവ് സൗരഭ് രാജ്പുത്തിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി സിമന്‍റ് നിറച്ച നീല ഡ്രമ്മിൽ അടക്കം ചെയ്തതായിരുന്നു. മാർച്ച് 4 നായിരുന്നു നാടിനെ നടുക്കിയ ക്രൂര കൊലപാതകം. ഹിമാചൽ പ്രദേശിലേക്ക് കടന്ന മുസ്കാനേയും സാഹിലിനേയും പിന്നീട് മാർച്ച് 18 ഓടെ അറസ്റ്റിലാവുകയായിരുന്നു.