

സാധ്വി പ്രേം ബൈസ
ആശ്രമത്തിൽ വച്ച് ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ രാജസ്ഥാനിലെ ഒരു സന്ന്യാസിനി മരിച്ചതിൽ ദുരൂഹത. പ്രശസ്ത കഥാവാചകിയും സന്ന്യാസിനിയുമായ പ്രേം ബൈസയാണ് മരിച്ചത്. പനി, ജലദോഷം തുടങ്ങിയ അസുഖലക്ഷണങ്ങളെ തുടർന്ന് വിളിച്ചുവരുത്തിയ കമ്പൗണ്ടർ നൽകിയ ഇഞ്ചക്ഷൻ സ്വീകരിച്ചതിന് പിന്നാലെ സാദ്വി അസ്വസ്ഥത പ്രകടിപ്പിച്ചുവെന്നാണ് പിതാവിന്‍റെ മൊഴി. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മരണത്തിന് മണിക്കൂറുകൾക്ക് ശേഷം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് സംഭവത്തിൽ കൂടുതൽ സംശയങ്ങൾ ഉയർത്തി. ഇഞ്ചക്ഷൻ നൽകിയയാളെ പൊലീസ് ചോദ്യം ചെയ്യും. അന്വേഷണം പുരോഗമിക്കുന്നു. അച്ഛനും സംശയനിഴലിൽ.
ആശ്രമത്തിൽ വച്ച് ഇഞ്ചക്ഷൻ നൽകിയതിനു പിന്നാലെ രാജസ്ഥാനിലെ ജോധ്പുരിൽ യുവസന്ന്യാസിനി മരിച്ചതിൽ ദുരൂഹത. പ്രശസ്ത മത പ്രഭാഷക സാധ്വി പ്രേം ബൈസയുടെ മരണമാണ് അന്വേഷണവിധേയമായിരിക്കുന്നത്.
ബോർനാഡയിലെ അശ്രമത്തിൽ താമസിച്ചിരുന്ന പ്രേം ബൈസയ്ക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജലദോഷവും പനിപോലുള്ള ലക്ഷണങ്ങളും ഉണ്ടായിരുന്നുവെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. ഇതിനെ തുടർന്ന് ഒരു കമ്പൗണ്ടറെ വിളിച്ചു വരുത്തി. ഇയാൾ നൽകിയ ഇഞ്ചക്ഷൻ സ്വീകരിച്ചതിന് ഏകദേശം അഞ്ച് മിനിറ്റിനുള്ളിൽ സാധ്വി അസ്വസ്ഥത പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതായി മൊഴിയിലുണ്ട്.
ഉടൻ തന്നെ സാധ്വിയെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഡോക്റ്റർമാർ മരണം സ്ഥിരീകരിച്ചു. ആശുപത്രി അധികൃതർ മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്താൻ ആംബുലൻസ് ഒരുക്കാമെന്ന് അറിയിച്ചെങ്കിലും, സാധ്വിയുടെ പിതാവ് അത് നിരസിക്കുകയും സ്വന്തം കാറിൽ മൃതദേഹം കൊണ്ടുപോകുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
മരണത്തിന് പിന്നാലെ വലിയ ചർച്ചയായത്, സാധ്വിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മരണത്തിന് മണിക്കൂറുകൾക്ക് ശേഷം പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ്. ''സനാതന ധർമത്തിന്‍റെ പ്രചാരണത്തിനായി ജീവിതം സമർപ്പിച്ചു. അഗ്നപരീക്ഷ ആവശ്യപ്പെട്ട് പല യോഗികൾക്കും കത്തെഴുതി. ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷമെങ്കിലും കിട്ടുമെന്നു കരുതുന്നു'' എന്നർഥം വരുന്ന സന്ദേശമാണ് അതിലുണ്ടായിരുന്നത്.
ഈ പോസ്റ്റിനെക്കുറിച്ച് സാധ്വിയുടെ പിതാവ് പറഞ്ഞത്, മകൾ തന്നെ സന്ദേശം എഴുതിയതാണെങ്കിലും, അത് മറ്റൊരു ഗുരു മഹാരാജയുടെ സഹായത്തോടെ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തതാണെന്നാണ്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇഞ്ചക്ഷൻ നൽകിയ കമ്പൗണ്ടറെ ചോദ്യം ചെയ്യുമെന്നും, ഇയാളുടെ മെഡിക്കൽ ഉപകരണങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തതായും അറിയിച്ചു.
ഇതിനിടെ, രാഷ്ട്രീയ പ്രതികരണങ്ങളും ഉയർന്നിട്ടുണ്ട്. ആർഎൽപി നേതാവും രാജ്യസഭാംഗവുമായ ഹനുമാൻ ബെനിയവാൽ, സാധ്വിയുടെ മരണം സംശയാസ്പദമാണെന്നും, സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുമാണ് രംഗത്തെത്തിയത്.
പ്രേം ബൈസയും അച്ഛനും ഉൾപ്പെട്ട, വൈറലായ വിവാദ വീഡിയോ ക്ലിപ്പിൽനിന്ന്.
പ്രേം ബൈസയും പിതാവും ഉൾപ്പെട്ട ഒരു വൈറൽ വീഡിയോ നേരത്തെ സമൂഹമാധ്യമങ്ങളിൽ വിവാദമായിരുന്നു. കിടപ്പുമുറിയിൽ ഇരുവരും അസ്വാഭാവികമായ രീതിയിൽ ആലിംഗനം ചെയ്യുന്നതായിരുന്നു വീഡിയോയിലുള്ളത്. ആ വീഡിയോ തങ്ങളുടെ ബന്ധത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് സാധ്വി അന്ന് പ്രതികരിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇഞ്ചക്ഷൻ നൽകിയ സാഹചര്യം, മരണാനന്തര സോഷ്യൽ മീഡിയ പോസ്റ്റ്, പോസ്റ്റ്മോർട്ടം സംബന്ധിച്ച തീരുമാനങ്ങൾ എന്നിവയെല്ലാം ചേർന്ന് സന്ന്യാസിനിയുടെ മരണം രാജസ്ഥാനിൽ വലിയ ചർച്ചയായി തുടരുകയാണ്. പൊലീസ് അന്വേഷണം തുടരുന്നു.