ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോകവേ വാഹനാപകടം; 3 പേർ മരിച്ചു, 23 പേർക്ക് പരുക്ക്

രാജസ്ഥാനിലെ കരൗലി ജില്ലയിൽ നിന്നുള്ള ഒരു കുടുംബത്തിലെ 26 പേരാണ് അപകടത്തിൽപ്പെട്ടത്
Visuals of the accident involving a collision between a pickup vehicle and a truck in the Kasganj district of Uttar Pradesh.

ഉത്തർപ്രദേശിലെ കാസ്‌ഗഞ്ച് ജില്ലയിൽ പിക്കപ്പ് വാഹനവും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ ദൃശ്യം

Updated on

കാസ്ഗഞ്ച്: ഉത്തർപ്രദേശിൽ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനായി പോയ കുടുംബം സഞ്ചരിച്ച പിക്കപ്പ് വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. 23 പേർക്ക് പരുക്കേറ്റു. കാസ്ഗഞ്ച് ജില്ലയിൽ കാസ്ഗഞ്ച്-സിക്കന്ദ്ര റാവു റോഡിൽ മോഹൻപുര ഗ്രാമത്തിന് സമീപം തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം.

രാജസ്ഥാനിലെ കരൗലി ജില്ലയിൽ നിന്നുള്ള ഒരു കുടുംബത്തിലെ 26 പേരാണ് പിക്കപ്പ് വാഹനത്തിൽ സോറോൻജിയിലേക്ക് യാത്ര ചെയ്തിരുന്നത്. ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനായാണ് ഇവർ പോയത്. യാത്രയ്ക്കിടെ ട്രക്കുമായി ഇവരുടെ പിക്കപ്പ് വാഹനം നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാഹനം പൂർണമായി തകർന്നു. മൂന്ന് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ആറ് പേരെ വിദഗ്ധ ചികിത്സയ്ക്കായി അലിഗഢിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരിൽ ഏഴ് പേർ കുട്ടികളാണ്.

വിവരമറിഞ്ഞ് പൊലീസും ജില്ലാ ഭരണകൂടം അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അപകടത്തിന്‍റെ കാരണം അന്വേഷിച്ചുവരികയാണെന്ന് കാസ്ഗഞ്ച് ജില്ലാ പൊലീസ് മേധാവി ഓം പ്രകാശ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com