ഹണിട്രാപ്പിൽ കുടുക്കി ഒരു കോടി തട്ടിയെടുത്ത കേസ്; ഒളിവിലായിരുന്ന യുവതി കീഴടങ്ങി

ധന്യയുടെ ഭർത്താവ് അർജുൻ, കൂട്ടുപ്രതിയായ അലൻ തോമസ് എന്നിവർ ഇപ്പോഴും ഒളിവിൽ
Rs 1 crore Honey trap scam; main accused woman surrenders

ധന്യ അർജുൻ

Updated on

കോട്ടയം: അയൽക്കാരനായ സോഫ്റ്റ്‌വെയർ എൻജിനീയറെ ഹണിട്രാപ്പിൽ കുടുക്കി ഒരു കോടി അറുപത്തെട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയായ യുവതി കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോട്ടയം ജില്ലാ കോടതിയും ഹൈക്കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് ബുധനാഴ്ച (June 4) രാവിലെ പ്രതി അതിരമ്പുഴ അമ്മഞ്ചേരി സ്വദേശിനി ധന്യ അർജുൻ കീഴടങ്ങിയത്.

ഇവർ 8 മാസം ഗർഭിണിയാണ്. ധന്യയുടെ ഭർത്താവ് അർജുൻ, കൂട്ടുപ്രതിയായ സുഹൃത്ത് തിരുവഞ്ചൂർ സ്വദേശി അലൻ തോമസ് എന്നിവർ ഇപ്പോഴും ഒളിവിലാണ്.

ഉന്നതങ്ങളിൽ സ്വാധീനമുള്ള ധന്യയും ഭർത്താവും ചേർന്ന് പലരെയാണ് ഇത്തരം കള്ളക്കേസുകളിൽ കുടുക്കി പണം തട്ടിയെടുത്തത്. തന്നെ ബാലത്സംഗം ചെയ്യാൻ ശ്രമിച്ചു എന്നു കാണിച്ച് കൊടുത്ത കള്ളപ്പരാതി അന്വേഷിച്ച ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പിആർഒയെയും ധന്യ വിജിലൻസ് കേസിൽ കുടുക്കിയിരുന്നു.

ആലപ്പുഴ സ്വദേശിയും എൻജിനീയറുമായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി 60 ലക്ഷവും 59.5 പവൻ സ്വർണവും തട്ടിയെടുത്തു എന്ന പരാതിയിലാണ് അതിരമ്പുഴ സ്വദേശിനിയായ ധന്യയ്ക്കും ഭർത്താവിനും യുവതിയുടെ സുഹൃത്തായ തിരുവഞ്ചൂർ സ്വദേശിയായ യുവാവിനും എതിരേ കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇവർ ഒളിവിൽ പോവുകയായിരുന്നു.

യുഎസ് ആസ്ഥാനമായ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് പരാതിക്കാരൻ. 2021ൽ ഇയാളുടെ ഭാര്യ എം.ജി. യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിരുന്ന സമയത്ത് പരാതിക്കാരനും കുടുംബവും അമ്മഞ്ചേരിയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഈ സമയത്ത് അയൽവാസിയായിരുന്ന ധന്യ പരാതിക്കാരനോട് അടുപ്പം സ്ഥാപിക്കുകയും അടുത്ത് ഇടപഴകിയ ശേഷം പരാതിക്കാരന്‍റെ സ്വകാര്യ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. 2022 മുതൽ ഈ ചിത്രങ്ങൾ പരാതിക്കാരന്‍റെ ബന്ധുക്കൾക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 60 ലക്ഷം രൂപ ധന്യയും ഭർത്താവ് അർജുനും ചേർന്ന് വാങ്ങിയെടുത്തു.

ഇതിനിടെ പ്രതികളുടെ സുഹ്യത്തായ മണർകാട് സ്വദേശി അലൻ തോമസ് എന്നയാൾ പരാതിക്കാരനെ ഭീഷണിപ്പെടുത്തി തന്‍റെ അക്കൗണ്ടിലേക്കും പണം ആവശ്യപ്പെട്ട് വാങ്ങിയെടുത്തു. പരാതിക്കാരന്‍റെ കൈവശമുള്ള പണം തട്ടിയെടുത്തശേഷം പ്രതികൾ വീണ്ടും ഭീഷണിപ്പെടുത്തി ബാങ്ക് ലോക്കർ തുറപ്പിച്ച് അതിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ സ്വർണാഭരണങ്ങളും വാങ്ങിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. ഭീഷണി തുടർന്നപ്പോൾ പരാതിക്കാരൻ ഉന്നത പൊലീസ് അധികൃതരെ സമീപിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com