
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസിൽ അറസ്റ്റിലായത് യഥാർഥ പ്രതിയല്ലെന്ന് സംശയമുയരുന്നു. അറസ്റ്റിലായ പ്രതിക്ക് പൊലീസ് ആദ്യം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലെ മുഖവുമായി സാമ്യമില്ലെന്നാണ് ആരോപണം ഉയരുന്നത്.
ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് എന്ന ബംഗ്ലാദേശ് പൗരനെയാണ് മുംബൈ പൊലീസ് ഈ കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ ലക്ഷ്യം കവർച്ചയായിരുന്നു എന്ന് പൊലീസ് പറയുമ്പോൾ, തങ്ങളുടെ ഇളയ കുട്ടിയായ ജഹാംഗിറിനെ (ജയ്) തട്ടിക്കൊണ്ടുപോകുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് സെയ്ഫിന്‍റെ ഭാര്യ കരീന കപൂർ പറയുന്നു.
പൊലീസിന്‍റെ വാദമാകട്ടെ, സെയ്ഫിന്‍റെ വീടാണെന്ന് അറിയാതെയാണ് പ്രതി ഇവിടെ കയറിയതെന്നാണ്. ഇതിനൊപ്പം, പ്രതിയുടെ മുഖത്തിലെ വ്യത്യാസം സംബന്ധിച്ച സംശയം കൂടി ഉയരുന്നതോടെയാണ് കേസിൽ ദുരൂഹത വർധിക്കുന്നത്.
അതേസമയം, സിസിടിവി ദൃശ്യത്തിലുള്ള ആളല്ല അറസ്റ്റിലായിരിക്കുന്നത് എന്ന ആരോപണം മുംബൈ പൊലീസ് നിഷേധിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരുകയാണെന്നും, ഇയാളുടെ യഥാർഥ ഉദ്ദേശ്യം എന്തായിരുന്നു എന്ന് അറിയാൻ ശ്രമിക്കുകയാണെന്നും പൊലീസ് പറയുന്നു.