

കൊല്ലപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ കല്ലു രൂപ റെഡ്ഡി
ഹൈദരാബാദ്: തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ 48കാരിയായ സ്കൂൾ പ്രിൻസിപ്പലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പത്താം ക്ലാസ് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിൻസിപ്പലിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ 27 തവണയാണ് അവരെ കത്തി ഉപയോഗിച്ച് കുത്തിയത്. പണം മോഷ്ടിച്ച് ആഡംബര ജീവിതം നയിക്കാനും മുൻപ് പ്രിൻസിപ്പലിൽ നിന്നുണ്ടായ അച്ചടക്ക നടപടിക്ക് പ്രതികാരം ചെയ്യാനുമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.
കൊണ്ടമല്ലേപ്പള്ളിയിലെ നാഗാർജുന പബ്ലിക് സ്കൂൾ പ്രിൻസിപ്പലും ഡയറക്റ്ററുമായ കല്ലു രൂപ റെഡ്ഡിയെയാണ് ഓഗസ്റ്റ് 12ന് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൈദരാബാദിലായിരുന്ന ഭർത്താവ് ഫോണിൽ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തു.
കേസിൽ പൊലീസ് അഞ്ച് സംഘങ്ങളെ നിയോഗിച്ച് സിസിടിവി ദൃശ്യങ്ങൾ, ഫോറൻസിക് തെളിവുകൾ, വിരലടയാളങ്ങൾ, സാങ്കേതിക വിവരങ്ങൾ എന്നിവ പരിശോധിച്ചു. 80ലധികം പേരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് രൂപ റെഡ്ഡി മരിക്കുന്നതിന് തൊട്ടുമുൻപ് അമ്മായിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ‘ബാബു’ എന്ന വാക്ക് ഉപയോഗിച്ചതായി അന്വേഷണസംഘം കണ്ടെത്തിയത്. ഈ സൂചനയാണ് വിദ്യാർഥികളിലേക്ക് പൊലീസിനെ എത്തിച്ചത്. തുടർന്ന് സ്കൂളിൽ ഹാജരാകാതിരുന്ന അഞ്ച് പത്താം ക്ലാസ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇവരിൽ രണ്ട് പേർ അടുത്ത ദിവസങ്ങളിൽ വലിയ തോതിൽ പണം ചെലവഴിക്കുന്നതായും പാർട്ടികൾ നടത്തുന്നതായും കണ്ടെത്തി. ബുധനാഴ്ച രാവിലെ ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകം ചെയ്തതായി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ബാഗുകളിൽ നിന്ന് പണവും മൊബൈൽ ഫോണും കണ്ടെത്തിയതിനെ തുടർന്ന് ഹോസ്റ്റലിൽ താമസിച്ചിരുന്ന ഈ വിദ്യാർഥികളെ നേരത്തെ രൂപ റെഡ്ഡി ശാസിക്കുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് മാറ്റി ഡേ സ്കോളർമാരാക്കിയിരുന്നു. ഇതാണ് പ്രിൻസിപ്പലിനോട് ഇവർക്ക് വിരോധമുണ്ടാകാൻ കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം.
കൊലപാതകത്തിന് അഞ്ച് ദിവസം മുമ്പ് തന്നെ പ്രതികൾ മോഷണം ആസൂത്രണം ചെയ്യുകയും വീട്ടിലെത്തി നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു. തിരിച്ചറിയാതിരിക്കാൻ കത്തി വാങ്ങുന്നതിനൊപ്പം കയ്യുറകളും വാങ്ങി. കൊലപാതക ദിവസം ഒരാൾ തൊപ്പിയും കയ്യുറകളും ധരിച്ച് വീട്ടിൽ കയറി. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 2.5 ലക്ഷം രൂപ മോഷ്ടിച്ച ശേഷം രക്ഷപ്പെടുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.