പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും: പുറത്തുവരുന്നത് കോടികളുടെ തട്ടിപ്പ്

പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി, കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണെന്നു വരെ പ്രചാരണമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കുടുംബശ്രീ പദ്ധതി എന്നായി.
Scooter, laptop for half price fraud
പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും: പുറത്തുവരുന്നത് കോടികളുടെ തട്ടിപ്പ്
Updated on

പ്രത്യേക ലേഖകൻ

കൊച്ചി: കോൺഗ്രസ് നേതാവ് ലാലി വിൻസന്‍റ് അടക്കം പ്രതി ചേർക്കപ്പെട്ട പകുതി വില തട്ടിപ്പിൽ നടന്നത് കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ. സ്കൂട്ടറും ലാപ്ടോപ്പും അടക്കമുള്ളവ സ്ത്രീകൾക്ക് പകുതി വിലയ്ക്ക് ലഭ്യമാക്കുന്നു എന്ന പ്രചരണവുമായാണ് കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുൻപ് പദ്ധതി തുടങ്ങിയത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണെന്നു വരെ അന്നു പ്രചാരണമുണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കുടുംബശ്രീ പദ്ധതി എന്നായി പ്രചരണം. ഇതിന് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളെയുമെല്ലാം മുന്നിൽ നിർത്തിയിട്ടുണ്ട്.

ആവശ്യമുള്ള വസ്തുക്കൾക്ക് പകുതി പണമടച്ച പലർക്കും ആദ്യ സമയത്ത് സാധനങ്ങൾ കിട്ടുകയും ചെയ്തു. എന്നാൽ, കൂടുതലാളുകൾ പണമടച്ചു തുടങ്ങിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തു വരുന്നത്. പണമടച്ച ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും സ്കൂട്ടർ കിട്ടാതെ വന്നതോടെ പലരും പരാതിയുമായി പൊലീസിനെ സമീപിച്ചു. സ്കൂട്ടറിന്‍റെ പകുതി വിലയായ 50,000 രൂപ മുതൽ 70,000 രൂപ വരെ ഇത്തരത്തിൽ മുൻകൂറായി അടച്ച് ആറു മാസമായിട്ടും സ്കൂട്ടർ കിട്ടാത്തവർ ഏറെയാണ്. ഇത്തരത്തിൽ കോടികളാണ് തട്ടിപ്പുകാർ ഇതിനകം സമാഹരിച്ചിരിക്കുന്നത്.

ഇതിനിടെ, കൂടുതൽ പേർ പരാതി നൽകിയാൽ, മുടക്കിയ പണം പോലും തിരിച്ചുകിട്ടില്ലെന്ന് പ്രതി അനന്തുകൃഷ്ണൻ പലരെയും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചതായും സൂചനയുണ്ട്. സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഇത്തരത്തിലുള്ള ശബ്ദസന്ദേശം പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അനന്തുകൃഷ്ണന്‍റെ അറസ്റ്റിനു പിന്നാലെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇതു സംബന്ധിച്ച പരാതികളുടെ പ്രളയം തന്നെയാണ്.

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ മാത്രം രണ്ടായിരത്തോളം പേർ തട്ടിപ്പിനിരയായെന്നാണ് വിവരം. ഇനിയും പരാതി നൽകാത്തവരെ വേറെ. ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകളിലായി വേറെയും ആയിരക്കണക്കിനാളുകൾ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. കണ്ണൂരിൽ പരാതി 2000 കടന്നപ്പോൾ, മൂവാറ്റുപുഴയിൽ മാത്രം ഒമ്പത് കോടി രൂപ തട്ടിച്ചെന്നാണ് സൂചന.

കോർപ്പറെറ്റ് കമ്പനികളുടെ സിഎസ്ആർ (കോർപ്പറെറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) ഫണ്ടും, ക്രൗണ്ട് ഫണ്ടിങ്ങും മാർക്കറ്റിങ് ഫണ്ടിങ്ങും മറ്റും ഉപയോഗിച്ച് എൻജിഒ കോൺഫെഡറേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് 'ഗുണഭോക്താക്കളെ' തെറ്റിദ്ധരിപ്പിച്ചിരുന്നത്. സ്കൂട്ടർ വാങ്ങുന്നവർക്ക് പകുതി ഫീസിന് ഡ്രൈവിങ് പഠനം വരെ ചിലയിടങ്ങളിൽ വാഗ്ദാനം ചെയ്തിരുന്നു. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് സ്റ്റഡീസ് എന്നൊരു വ്യാജ ഐഡന്‍റിറ്റിയും സീഡ് സൊസൈറ്റിയുടെ വിലാസവുമെല്ലാം ഇവർ ഉപയോഗിച്ചു.

നിലവിൽ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണന്‍റെ പേരാണ് തട്ടിപ്പിൽ പ്രധാനമായി പുറത്തുവന്നിരിക്കുന്നത്. ഇയാൾ മാത്രം മുന്നൂറു കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും പറയപ്പെടുന്നു. എന്നാൽ, ഇങ്ങനെയൊരാൾക്ക് ഒറ്റയ്ക്ക് സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്താൻ പ്രായോഗികമായി സാധിക്കില്ല. അതിനാൽ കൂടുതൽ വമ്പൻമാർ ഇതിനു പിന്നിലുണ്ടാകുമെന്നാണ് സംശയം.

എറണാകുളം മറൈൻ ഡ്രൈവിൽ അടക്കം വലിയ പരിപാടികൾ സംഘടിപ്പിച്ചാണ് പദ്ധതിക്കു പ്രചാരണം നൽകിയത്. പലയിടത്തും ബിജെപിയുടെ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും പദ്ധതിയുടെ പ്രചാരണത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. തുടക്കത്തിൽ വാഹന വിതരണം ഉദ്ഘാടനച്ചടങ്ങൊക്കെയായി വിപുലമായി സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

സ്കൂട്ടറും ലാപ്ടോപ്പും കൂടാതെ തയ്യൽ മെഷീനും വീട്ടുപകരണങ്ങളുമെല്ലാം പകുതി വിലയ്ക്കു നൽകാമെന്ന വാഗ്ദാനമാണ് പലയിടത്തുമുണ്ടായിരുന്നത്. ആദ്യ ഘട്ടത്തിൽ പണമടച്ചവർക്ക് സാധനങ്ങൾ കിട്ടുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ മാത്രമേ പദ്ധതിയുടെ ഗുണഭോക്താക്കളാക്കൂ എന്നതിനാൽ പല പുരുഷൻമാരും വീട്ടിലെ സ്ത്രീകളുടെ പേരിൽ പണമടച്ചിട്ടുമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com