

13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്ന് പിതാവ്
file image
ചിക്കബല്ലാപുര: കർണാടകത്തിൽ 13 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കബല്ലാപുര ജില്ലയിലാണ് സംഭവം.
ശാന്തിനഗർ സ്വദേശിയായ ഇമ്രാൻ ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മുസ്‌കാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 13 ദിവസം മുമ്പാണ് മുസ്‌കാൻ രണ്ടാമത്തെ പെൺകുഞ്ഞിന് ജന്മം നൽകിയത്. ദമ്പതികൾക്ക് നാലു വയസുള്ള മറ്റൊരു മകളും ഉണ്ട്. വീണ്ടും പെൺകുഞ്ഞ് ജനിച്ചതിൽ ഇമ്രാൻ അസന്തുഷ്ടനായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി വീട്ടിലെ മറ്റുള്ളവർ ഉറങ്ങിക്കിടക്കുന്നതിനിടെ ഇമ്രാൻ കുഞ്ഞിനെ വീടിനുള്ളിലെ ജലസംഭരണിയിൽ എറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. പുലർച്ചെ കുഞ്ഞിനെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ തെരച്ചിൽ ആരംഭിച്ചു. തെരച്ചിലിൽ ഒപ്പംകൂടിയ ഇമ്രാൻ പിന്നീട് കുഞ്ഞിനെ ജലസംഭരണിയിൽ നിന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു.
ജില്ലാ ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ആദ്യം ഇത് അപകടത്തിൽപ്പെട്ട് മുങ്ങിമരിച്ച സംഭവമാണെന്നായിരുന്നു കുടുംബത്തിന്‍റെ വിശദീകരണം.
എന്നാൽ വിശദമായ അന്വേഷണത്തിനിടെ ഇമ്രാൻ കുറ്റം സമ്മതിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.