

തുടർച്ചയായ ലൈംഗികാതിക്രം; ഇരയായ സ്ത്രീകൾ ചേർന്ന് പ്രതിയെ വെട്ടിക്കൊന്ന് കത്തിച്ചു
ഭുവനേശ്വർ: തുടർച്ചയായ ലൈംഗികാതിക്രമത്തിൽ പ്രകോപിതരായ ഒരു കൂട്ടം സ്ത്രീകൾ 60 വയസുകാരനെ വെട്ടിക്കൊന്ന് മൃതദേഹം കത്തിച്ചു. ഒഡീഷയിലെ ഗജപതി ജില്ലയിൽ കുയിഹുരു ഗ്രാമത്തിൽ താമസിക്കുന്ന കാംബി മാലിക് (60) ആണ് കൊല്ലപ്പെട്ടത്. സംഭവം പുറത്തുവന്നതോടെ 8 സ്ത്രീകൾ ഉൾപ്പെടെ 10 പേരെ അറസ്റ്റ് ചെയ്തു.
ഇയാളെ കാണാനില്ലെന്ന കുടുംബത്തിന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. പരാതി ലഭിച്ച് 5 ദിവസങ്ങൾക്കു ശേഷമാണ് സംഭവം പുറംലോകം അറിയുന്നത്.
ഗ്രാമത്തിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയുള്ള ഒരു വനപ്രദേശത്തിനടുത്തുള്ള ഒരു കുന്നിൻ മുകളിൽ നിന്നും ഇയാളുടെ അസ്ഥികളും ചാരവും പൊലീസ് കണ്ടെടുത്തു. ജൂൺ 3ന് രാത്രിയിൽ ഗ്രാമത്തിലെ 52 വയസുള്ള ഒരു വിധവയെ അയാൾ ബലാത്സംഗത്തിന് ഇരയായിരുന്നു. ഇതിനു പിന്നാലെ സമാനമായി ലൈംഗികാതിക്രമത്തിന് ഇരയായവർ ഉൾപ്പെടെയുള്ള ചില സ്ത്രീകൾ ഒന്നിച്ചു ചേർന്ന് അയാളെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു എന്ന് ഗജപതി പൊലീസ് സൂപ്രണ്ട് ജതീന്ദ്ര കുമാർ പാണ്ട പറഞ്ഞു.
"വീടിന്‍റെ വരാന്തയില്‍ ഉറങ്ങുകയായിരുന്നു കാംബിയെ ഇവർ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് വെട്ടി കൊലപ്പെടുത്തി. 2 പുരുഷന്മാരും സ്ത്രീകളെ സഹായച്ചതായി കണ്ടെത്തി. 4 വർഷം മുന്‍പാണ് ഇയാളുടെ ഭാര്യ മരിക്കുന്നത്. അതിനു ശേഷം ഇയാൾ ഗ്രാമത്തിലെ പല സ്ത്രീകളെയും ഉപദ്രവിക്കാന്‍ തുടങ്ങി. വിധവകളെയും പ്രായമായ സ്ത്രീകളേയുമാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. ചില മന്ത്രവാദ പ്രവർത്തികളിലും ഇയാൾ ഏര്‍പ്പെട്ടിരുന്നു. ഇതുമൂലം ഗ്രാമത്തിലുള്ളവര്‍ക്ക് ഇയാളെ ഭയമായിരുന്നു."
"എന്നാൽ നിരവധി തവണ താക്കീത് നൽകിയിട്ടും മാറ്റമില്ലാതെ വന്നതോടെ സഹികെട്ടാണ് സ്ത്രീകള്‍ ഇത്തരമൊരു കടുംകൈയ്ക്ക് മുതിര്‍ന്നത്. ഭയവും അപമാനവും കാരണം സ്ത്രീകൾ ഒരിക്കലും പൊലീസിന്‍റെ സഹായം തേടുകയോ മരിച്ചയാൾക്കെതിരെ പരാതി നൽകുകയോ ചെയ്തിട്ടില്ല." ഇവരെ ഉടന്‍ കോടതിയിൽ ഹാജരാക്കുമെന്നും ഗജപതി പൊലീസ് സൂപ്രണ്ട് ജതീന്ദ്ര കുമാർ പാണ്ട പറഞ്ഞു.