കൊച്ചി: ചാത്തൻസേവയുടെ മറവിൽ പീഡനം നടത്തിയ ജോത്സ‍്യൻ അറസ്റ്റിലായി. തൃശൂർ പൂവരണി സ്വദേശി പ്രഭാത് ഭാസ്കരൻ (44) നെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ ആറിന് ചക്കരപ്പറമ്പിലെ പ്രഭാതിന്‍റെ ഓഫീസിൽവെച്ചായിരുന്നു സംഭവം നടന്നത്. സാമൂഹ‍്യമാധ‍്യമങ്ങളിലൂടെ കുട്ടിചാത്തൻസേവയെ കുറിച്ച് ഇയാൾ നൽകിയ പരസ‍്യം വീട്ടമ്മയുടെ ശ്രദ്ധയിൽപെടുകയായിരുന്നു.
തുടർന്ന് വീട്ടമ്മ പ്രഭാതിനെ ബന്ധപ്പെടുകയും പൂജ നടത്തുകയും ചെയ്തു. എന്നാൽ ഫലമുണ്ടാവാത്തതിനെ തുടർന്ന് വീണ്ടും സമീപിച്ചപ്പോൾ പാലാരിവട്ടം ചക്കരപറമ്പിലെത്താൻ നിർദേശിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് പ്രഭാത് വീട്ടമ്മയെ പീഡിപ്പിച്ചത്. തുടർന്ന് വീട്ടമ്മ സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ-മെയിലിലൂടെ പരാതി നൽകി. എന്നാൽ പണം ആവശ‍്യപ്പെട്ടിട്ട് നൽകാത്തതിലെ പ്രതികാരമാണ് കേസിനു പിന്നിലെന്നാണ് പ്രഭാതിന്‍റെ മൊഴി.