
ലിവിയ ജോസ്
കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസിന്‍റെ കുറ്റസമ്മത മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തനിക്കുമേൽ സ്വഭാവദൂഷ്യം ആരോപിച്ചതാണ് ഷീല സണ്ണിയോടുള്ള പകയ്ക്ക് കാരണമെന്നാണ് ലിവിയയുടെ മൊഴി. കുറ്റകൃത്യത്തിൽ സഹോദരിക്ക് പങ്കില്ലെന്നും സുഹൃത്ത് നാരായണ ദാസിന്‍റെ സഹായത്തോടെ താനാണ് എല്ലാം ചെയ്തതെന്നും ലിവിയ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഭവിഷ്യത്തുകൾ ചിന്തിക്കാതെയാണ് കൃത്യം ചെയ്തതെന്നും ലിവിയ മൊഴി നൽകി.
ഷീലയും ഭർത്താവ് സണ്ണിയും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞതായി അറിഞ്ഞു. ബംഗളൂരുവിൽ മോശമായാണ് താൻ ജീവിക്കുന്നതെന്ന് രണ്ടുപേരും പറഞ്ഞുണ്ടാക്കി. തനിക്ക് കൂടി അവകാശമുള്ള സ്വത്തിലെ 10 സെന്‍റാണ് കടംവീട്ടാൻ വിറ്റത്. ബംഗളൂരുവിൽ പഠിക്കാൻ പോയ ലിവിയ എങ്ങനെ പണമുണ്ടാക്കിയെന്ന ഷീല സണ്ണിയുടെ ശബ്ദസന്ദേശം പക കൂട്ടിയെന്നും ലിവിയ മൊഴി നൽകി.
ലഹരി സ്റ്റാംപ് വച്ചത് ഷീല സണ്ണിയുടെ മരുമകൾ അറിയാതെയാണ്. ഫ്രിഡ്ജും ടിവിയും ഫർണീച്ചറുകളും ലിവിയ വീട്ടിലേയ്ക്ക് വാങ്ങിയിരുന്നു. ഹോട്ടൽ മാനെജ്മെന്‍റ് കോഴ്സ് പഠിക്കുന്ന ലിവിയയ്ക്ക് ഇത്രയും പണം എവിടെനിന്നു ലഭിച്ചെന്നതടക്കുള്ള ഷീല സണ്ണിയുടെ ചോദ്യങ്ങളും പ്രകോപനത്തിന് കാരണമായെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.