
കോഴിക്കോട്: സിദ്ധിഖിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പരിയാപുരം ചേരിയമലയിലാണ് തെളിവെടുപ്പ് നടത്തുന്നത്. കൊല്ലപ്പെട്ട സിദ്ദിഖിന്‍റെ പേരിലുള്ള എടിഎം കാര്‍ഡും മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടറും ഉള്‍പ്പടെ എല്ലാ ആയുധങ്ങളും കണ്ടെടുത്തതായി അന്വേഷണ സംഘം വ്യക്തമാക്കി.
ഹണിട്രാപ്പിനിടെയായിരുന്നു അതിക്രൂരമായ കൊലപാതകം നടന്നതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിക്കവെ സിദ്ധിഖ് എതിർക്കുകയായിരുന്നു. ഇതോടെ പ്രതികളായ ഷിബിലിയും ഫർഹാനയും ചേർന്ന് ചുറ്റിക ഉപയോഗിച്ച് സിദ്ധിഖിന്‍റെ തലയ്ക്കും നെഞ്ചിനും അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പായതോടെ 2 ട്രോളി ബാഗുകൾ വാങ്ങുകയും മൃതദേഹം മുറിച്ച് കഷ്ണങ്ങളാക്കി ബാഗിലാക്കുകയുമായിരുന്നു. ഫർഹാനയുടെ സുഹൃത്ത് ആഷിഖിന്‍റെ നിർദ്ദേശപ്രകാരം പിന്നീട് ഈ ബാഗുകൾ അട്ടപ്പാടി കൊക്കയിൽ ഉപേക്ഷിച്ചു. തുടർന്ന് രക്ഷപെടാൻ ശ്രമിക്കവെ ചെന്നൈയിൽ നിന്നുമാണ് ഇരുവരും പിടിയിലാവുന്നത്.
പൊലീസ് ബാഗുകൾ കണ്ടെത്തുമ്പോൾ മൃതദേഹത്തിന് 7 ദിവസത്തെ പഴക്കമുണ്ടായിരുന്നു. സമ്പത്തിക നേട്ടമായിരുന്നു കൊലപാതക ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി. ഫർഹാനയും സിദ്ധിഖുമായി മുൻപരിചയമുണ്ടായിരുന്നെന്നും ഫർഹാനയുടെ ആവശ്യപ്രകാരമാണ് സിദ്ധിഖ് ഷിബിലിന് ഹോട്ടലിൽ ജോലി നൽകിയതെന്നും പ്രതികൾ മൊഴിയിൽ പറയുന്നു. പിതാവിന്‍റെ സുഹൃത്തായിരുന്ന സിദ്ധിഖിനെ ഫർഹാനയെ മുൻ നിർത്തി ഹോട്ടലിൽ വിളിച്ചു വരുത്തി ചതിച്ച് കൊലപ്പെടുത്തുകയായിരുന്നു.