

യുപിയിൽ തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പൊലീസിന്‍റെ വെടിയേറ്റു മരിച്ചു
ഗ്രേറ്റർ നോയ്ഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ ബലാത്സംഗ കേസ് പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിക്കവേ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചു. കൊലപാതക രംഗം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് വെടിയുതിർക്കുകയായിരുന്നു. ഗ്രേറ്റർ നോയ്ഡയിലെ ഹൽദോനി ഗ്രാമത്തിലാണ് സംഭവം.
വെള്ളിയാഴ്ചയാണ് ആറ് വയസുള്ള പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് മണിക്കൂറുകൾക്കകം രണ്ട് പ്രതികളെ പിടികൂടി. ഇവരിൽ മുഖ്യപ്രതിയായ 40 വയസുകാരനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. രണ്ടാമത്തെ പ്രതിയുടെ വീട്ടിൽ വച്ചായിരുന്നു കുട്ടിയെ പീഡനത്തിനിരയാക്കിയത്.
ശനിയാഴ്ച രാവിലെ ഗ്രാമത്തിലെ കുളത്തിന്‍റെ സമീപത്ത് നിന്ന് പൊലീസ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. തുടർന്ന് ഉച്ചയ്ക്ക് മുഖ്യപ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോയി. കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധം കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് ഇയാൾ പൊലീസിനെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഇയാൾ നിർദ്ദേശിച്ച സ്ഥലത്തെത്തി കൊലപാതക രംഗം പുനരാവിഷ്കരിക്കാൻ ശ്രമിക്കവേ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവച്ചിരുന്ന തോക്ക് എടുത്ത് പ്രതി പൊലീസ് നേർക്ക് വെടിയുതിർക്കുകയായിരുന്നു.
ഇതോടെ പൊലീസ് തിരിച്ച് വെടിവച്ചതോടെ പ്രതിക്ക് പരുക്കേറ്റു. വെടിവയ്പിൽ ഒരു പൊലീസുകാരനും പരുക്കേറ്റിരുന്നു. തുടർന്ന് പ്രതിയെയും പൊലീസുകാരനെയും പൊലീസ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ പ്രതി മരിക്കുകയായിരുന്നെന്ന് സെൻട്രൽ നോയ്ഡ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് ശൈലേന്ദ്ര കുമാർ സിങ് പറഞ്ഞു.