വീൽചെയറിൽ ഇരുന്ന അമ്മയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്നു; മകൻ അറസ്റ്റിൽ

ചൊവ്വാഴ്ച രാത്രി മണവൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിലാണ് പത്മാവതിയെ കണ്ടെത്തിയത്.
Son arrested for pushing wheelchair-bound mother in front of a train, killing her

Son arrested for pushing wheelchair-bound mother in front of a train, killing her

file image

Updated on

തിരുവള്ളൂർ: അനാരോഗ്യത്തെ തുടർന്നു വീൽചെയറിലിരുന്ന അമ്മയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മകൻ കൊലപ്പെടുത്തി. സംഭവത്തിൽ 44-കാരനായ മകനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുവള്ളൂർ ജില്ലയിലെ മണവൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് മനുഷ്യമനസാക്ഷിയെ നടുക്കുന്ന ഈ സംഭവം നടന്നത്. കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്ന പരേതനായ ശേഷാദ്രിയുടെ വിധവയായ പത്മാവതി (75) ആണ് കൊല്ലപ്പെട്ടത്. കുറച്ചുകാലങ്ങളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇവർ ചികിത്സയിലായിരുന്നു. അമ്മയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് മകൻ പാർഥസാരഥി (44) അടുത്തിടെയാണ് ഇവരെ മണവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്.

ചൊവ്വാഴ്ച രാത്രി മണവൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിലാണ് പത്മാവതിയെ കണ്ടെത്തിയത്. അരക്കോണം റെയിൽവേ പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അന്വേഷണത്തിനിടെ സംഭവസ്ഥലത്തിന് സമീപം ഒരു വീൽചെയർ കണ്ടെത്തിയത് പൊലീസിൽ സംശയം ഉണർത്തി. തുടർന്ന് നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ പാർത്ഥസാരഥി അമ്മയെ വീൽചെയറിലിരുത്തി റെയിൽവേ ട്രാക്കിലേക്ക് കൊണ്ടുവരുന്നതും ജോലാർപേട്ട എക്‌സ്പ്രസിന് മുന്നിലേക്ക് തള്ളിയിടുന്നതും വ്യക്തമായി.

പ്ലാറ്റ്‌ഫോമിലെത്താൻ അമ്മയെയും വീൽചെയറിനെയും പടവുകൾ കയറ്റി ഇറക്കാൻ പാർഥസാരഥി റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ സഹായം തേടിയിരുന്നതായി കൂടുതൽ അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് അമ്മയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട ശേഷം ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാർഥസാരഥിയുടെ മദ്യപാന ശീലം കാരണം ഭാര്യയും മക്കളും ഇയാളിൽ നിന്ന് പിരിഞ്ഞാണ് താമസിച്ചിരുന്നത്. കിടപ്പിലായ മൂത്ത സഹോദരനെയും വയസ്സായ അമ്മയെയും ഇയാളാണ് പരിചരിച്ചിരുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ചോദ്യം ചെയ്യലിൽ, അമ്മയെ അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തന്നെ മാനസികമായി തളർത്തിയെന്നും ഭാര്യക്കും മക്കൾക്കും പണം അയച്ചുകൊടുക്കുന്നതോടൊപ്പം അമ്മയെ നോക്കാൻ പ്രയാസപ്പെട്ടതായും പാർഥസാരഥി പൊലീസിനോട് പറഞ്ഞു. ചെലവ് താങ്ങാൻ കഴിയാതെ വന്നതോടെയാണ് അമ്മയെ ഒഴിവാക്കാൻ തീരുമാനിച്ചതെന്നും ഇയാൾ സമ്മതിച്ചു. പാർഥസാരഥിയെ അറസ്റ്റ് ചെയ്ത റെയിൽവേ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com