
പ്രതീകാത്മക ചിത്രം.
നവി മുംബൈ: നവി മുംബൈയിലെ ഒരു സ്പാ കേന്ദ്രീകരിച്ച് നടത്തിയ അനാശാസ്യ പ്രവർത്തനങ്ങൾ പൊലീസ് ഇടപെട്ട് തടഞ്ഞു. നിർബന്ധിത വേശ്യാവൃത്തിക്ക് ഇരയാക്കപ്പെട്ട 15 സ്ത്രീകളെ ഇവിടെനിന്നു രക്ഷിച്ചു. സ്പാ ഉടമയെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, ബേലാപ്പൂർ ഏരിയയിലെ സ്പായിലേക്ക് ഇടപാടുകാരനെന്ന വ്യാജേന പൊലീസ് തന്നെ ഒരാളെ അയയ്ക്കുകയും പിന്നാലെ സ്ഥാപനത്തിൽ റെയ്ഡ് നടത്തുകയുമായിരുന്നു.
പരിശോധനാ സമയത്ത്, നേപ്പാളിൽ നിന്നുള്ള ഒരു യുവതിയെയും ഇവിടെ വേശ്യാവൃത്തിക്കു നിയോഗിച്ചിരുന്നതായി കണ്ടെത്തി. മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റു 14 പേരെന്നും പൊലീസ് അറിയിച്ചു.
32 വയസ്സുകാരനായ സ്പാ ഉടമയെയും 42 വയസ്സുകാരനായ ശുചീകരണ തൊഴിലാളിയെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെയും അനാശാസ്യ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെയും (Immoral Traffic (Prevention) Act) പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തു.