ഹെൽമറ്റ് വച്ച് ബിവറേജസിൽ എത്തി മദ്യമോഷണം; യുവാവ് പിടിയിൽ

Stealing alcohol from beverage man under arrest
ഹെൽമറ്റ് വച്ച് ബിവറേജിൽ എത്തി മദ്യമോഷണം; യുവാവ് പിടിയിൽrepresentative image
Updated on

കോട്ടയം: ഹെൽമറ്റ് തലയിൽ വച്ച് ബിവറേജിൽ എത്തി മോഷണം നടത്തിയ കള്ളൻ ഒടുവിൽ കുടുങ്ങി. നിരന്തരം ബിവറേജസിൽ മോഷണം നടത്തിയ ആളാണ് ബിവറേജസ് ജീവനക്കാരുടെ ജാഗ്രതയിൽ പെട്ടത്. സ്ഥലത്ത് നിന്ന് മുങ്ങിയെങ്കിലും പ്രതിയെ തിരിച്ചറിഞ്ഞ ജീവനക്കാർ ഉടൻ വിവരം പൊലീസിൽ അറിയിക്കുകയും ഞാലിയാകുഴി സ്വദേശിയായ ഇയാളെ പൊലീസ് പിടികൂടുകയുമായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം മണിപ്പുഴയിലെ ബിവറേജസ് കോർപറേഷന്റെ സൂപ്പർമാർക്കറ്റിൽനിന്നും 1420 രൂപ വിലയുള്ള ലാഫ്രാൻസിന്റെ ഫുൾ മോഷണം പോയതായി കണ്ടെത്തിയത്. സമാന രീതിയിൽ മുമ്പും മദ്യം മോഷണം പോയിട്ടുണ്ടെങ്കിലും പല സ്ഥലത്ത്നിന്നും പല രീതിയിൽ മോഷണം പോയതിനാൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ, ഞായറാഴ്ച ഒരേ റാക്കിൽ അടുത്തടുത്തായി ലാഫ്രാൻസിന്റെ 2 മദ്യക്കുപ്പികളാണ് ഇരുന്നിരുന്നത്. അതുകൊണ്ടുതന്നെ സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് ഈ മദ്യക്കുപ്പികൾ മോഷ്ടിക്കുന്നത് വ്യക്തമായി കാണാമായിരുന്നു.

തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ബിവറേജ് ജീവനക്കാർ ഇവിടെ എത്തുന്ന ഓരോരുത്തരെയും സസൂക്ഷ്മം നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെ ഹെൽമറ്റ് ധരിച്ച് സമാന രീതിയിൽ ഒരാൾ ബിവറേജിന്റെ സമീപത്ത് എത്തിയത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ബിവറേജിന്റെ സമീപത്ത് അൽപനേരം ചെലവഴിച്ച ഇയാൾ തിരക്ക് വർദ്ധിച്ച സമയം അകത്ത് കയറി. ഇവിടെനിന്നും മദ്യം എടുക്കാൻ ശ്രമിക്കുന്ന സമയം ബിവറേജസിലെ ജീവനക്കാർ സിസിടിവി ക്യാമറ നിരീക്ഷിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ഇയാൾ സംഭവ സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു. ഇയാൾ ബിവറേജിൽ നിന്നും പുറത്തിറങ്ങി റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് സമീപത്തേക്ക് ഓടി. ഈ സമയം പിന്നാലെയെത്തിയ ജീവനക്കാർ ബൈക്കിന്റെ ചിത്രം പകർത്തുകയും ചിങ്ങവനം പൊലീസിന് കൈമാറുകയും ചെയ്തു. ചിങ്ങവനം പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഞാലിയാകുഴി സ്വദേശിയായ മദ്യക്കള്ളൻ പിടിയിലായത്.

Trending

No stories found.

Latest News

No stories found.