
AI Image
തായ്പെയ്: ഇൻഷ്വറൻസ് കമ്പനികളെ പറ്റിച്ച് പണം ഈടാക്കുന്നതിനായി സ്വന്തം കാൽ 10 മണിക്കൂറോളം ഐസിലിട്ട് വച്ച് യുവാവിന് 2 വർഷം തടവ് വിധിച്ച് തായ്‌വാൻ ഹൈക്കോടതി. കാലിന്‍റെ ആരോഗ്യം മോശമായതിനെത്തുടർന്ന് ഇരുകാലുകളും മുറിച്ചു മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. തായ്പെയിലെ യൂണിവേഴ്സിറ്റി വിദ്യാർഥിയായ ഴാങ് ആണ് കുബുദ്ധി കൊണ്ട് പണം ഉണ്ടാക്കാൻ ശ്രമിച്ച് വെട്ടിലായിരിക്കുന്നത്.
2023 ജനുവരിയിൽ യുവാവ് സുഹൃത്തായ ലിയോയാണ് ഇത്തരത്തിലൊരു തട്ടിപ്പിന് ഴാങ്ങിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ 5 കമ്പനികളിൽ നിന്നായി ഴാങ് ജീവൻരക്ഷാ ഉൾപ്പെടെ വിവിധ ഇൻഷ്വറൻസ് പോളിസികൾ എടുത്തിരുന്നു. അപകടം, ദീർഘകാല ശുശ്രൂഷ, യാത്ര, ആരോഗ്യ പരിരക്ഷ എന്നിവയെല്ലാം ഇതിൽ ഉൾപ്പെട്ടിരുന്നു.
പിന്നീട് ഇരുവരും ചേർന്ന് ഡ്രൈ ഐസ് വാങ്ങി ലിയോയുടെ അപ്പാർട്ട്മെന്‍റിൽ എത്തി. ഒരു ബക്കറ്റ് നിറയെ ഡ്രൈ ഐസ് നിറച്ച് നഗ്നമായ കാൽ ഴാങ് അതിലേക്കിറക്കി വക്കുകയായിരുന്നു.
കാൽ എടുത്തു മാറ്റാതിരിക്കാനായി സ്വന്തം കൈയും കാലും കെട്ടിയിടാനും ആവശ്യപ്പെട്ടിരുന്നു. 10 മണിക്കൂറോളം ഇതേ അവസ്ഥയിൽ തുടർന്നു. പിറ്റേ ദിവസം ശീതകാലാധിക്യം മൂലം കാൽ വേദനയെന്ന് കാണിച്ച് മാക്കേ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സ തേടി. ഡോക്റ്റർമാർ യുവാവിന്‍റെ ഇരു കാലുകളും മുട്ടിനു താഴേക്ക് മുറിച്ചു മാറ്റി. പിന്നീടാണ് ഇക്കാര്യം കാണിച്ച് ഴാങ് ഇൻഷ്വറൻസ് കമ്പനികളെ സമീപിച്ചത്. 41.26 മില്യൺ ഡോളറാണ് (12.08 കോടി രൂപ) ഴാങ് ആവശ്യപ്പെട്ടത്. എന്നാൽ റിപ്പോർട്ടിലെ അവ്യക്തത ചൂണ്ടിക്കാട്ടി കമ്പനികൾ ചെറിയ തുക മാത്രമാണ് നൽകിയത്. കമ്പനികളുടെ പരാതിയെത്തുടർന്ന് ഴാങ്ങിനെ തട്ടിപ്പിന്‍റെ പേരിൽ അറസ്റ്റ് ചെയ്തു. ജൂൺ 20ന് ഴാങ്ങിന് 2 വർഷം തടവും തട്ടിപ്പിന്‍റെ പ്രധാന സൂത്രധാരനായ ലിയോക്ക് ആറു വർഷം തടവും വിധിച്ചിട്ടുണ്ട്.