സമാനതകളേറെ, മൃതദേഹങ്ങൾ കണ്ടെത്തിയത് റെയ്ൽവെ സ്റ്റേഷനുകളിൽ: ബെംഗളൂരുവിലേത് സീരിയൽ കില്ലിങ്ങോ..??

കഴിഞ്ഞ നാലു മാസത്തിനിടെ സമാനതകളേറെ അവശേഷിപ്പിച്ച് മൂന്നു മൃതദേഹങ്ങളാണ് ഇത്തരത്തിൽ കണ്ടെത്തിയത്
സമാനതകളേറെ, മൃതദേഹങ്ങൾ കണ്ടെത്തിയത് റെയ്ൽവെ സ്റ്റേഷനുകളിൽ: ബെംഗളൂരുവിലേത് സീരിയൽ കില്ലിങ്ങോ..??

ബെംഗളൂരു: സമാനതകളേറെയുള്ളതു കൊണ്ടു തന്നെ ബെംഗളൂരുവിൽ നടക്കുന്നതു സീരിയൽ കില്ലിങ്ങാണെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച മുറുകുന്നു. കഴിഞ്ഞദിവസം വിശ്വേശ്വരയ്യ റെയ്ൽവെ സ്റ്റേഷനിൽ വീപ്പയ്ക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയതോടെയാണ് ഈ സാധ്യതയുടെ ബലമേറിയത്. കഴിഞ്ഞ നാലു മാസത്തിനിടെ സമാനതകളേറെ അവശേഷിപ്പിച്ച് മൂന്നു മൃതദേഹങ്ങളാണ് ഇത്തരത്തിൽ കണ്ടെത്തിയത്.

2022 ഡിസംബർ രണ്ടാമത്തെ ആഴ്ച ബംഗാരപേട്ട് - വിശ്വേശ്വരയ്യ ടെർമിനൽ മെമു ട്രെയ്നിന്‍റെ സീറ്റിനടിയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതാണ് ആദ്യ സംഭവം. ലഗേജ് എന്നു തോന്നിപ്പിക്കുന്ന വിധത്തിൽ മഞ്ഞ കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

2023 ജനുവരി നാലിന് യശ്വന്ത്പുര റെയ്ൽവെ സ്റ്റേഷനിൽ നീല പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സ്റ്റേഷനിലെ ക്ലീനിങ് സ്റ്റാഫാണ് മൃതദേഹം ആദ്യം കണ്ടത്. അഴുകിയ നിലയിലായതു കൊണ്ടു തന്നെ അഞ്ചോ ആറോ ദിവസങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ചതാകാം എന്നതായിരുന്നു പൊലീസിന്‍റെ നിഗമനം.

രണ്ടു മാസം പിന്നിടുമ്പോൾ, മാർച്ച് 13-ന് വീപ്പയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്നു ആർപിഎഫ് നടത്തിയ പരിശോധനയിലാണ് വീപ്പയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ, മൂന്നാളുകൾ ഓട്ടൊറിക്ഷയിലെത്തി വീപ്പ റെയ്ൽവെ സ്റ്റേഷൻ എൻട്രൻസിൽ വയ്ക്കുന്നതു കാണുന്നുണ്ടെന്നു പൊലീസ് വ്യക്തമാക്കുന്നു.

മൂന്നു സംഭവങ്ങളിലും സമാനതകളേറെയാണ്. റെയ്ൽവെ സ്റ്റേഷൻ പരിസരത്തു നിന്നും കണ്ടെത്തിയതെല്ലാം സ്ത്രീകളുടെ മൃതദേഹങ്ങളാണ്. ആരെയും ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുമില്ല. കൊലപാതകം എന്ന രീതിയിലാണു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊലയ്ക്കോ, മൃതദേഹങ്ങൾ ഉപേക്ഷിക്കുന്നതിനോ എന്തെങ്കിലും പാറ്റേൺ ഉണ്ടോ എന്നതു പരിശോധിച്ചു വരികായാണെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

എന്തായാലും ഇതു സംബന്ധിച്ചു സോഷ്യൽ മീഡിയയിൽ ചർച്ച മുറുകുകയാണ്. ബെംഗളൂരുവിൽ സീരിയൽ കില്ലിങ് എന്ന രീതിയിലാണ് ചർച്ച പുരോഗമിക്കുന്നത്. എന്നാൽ എന്തെങ്കിലും തെളിവുകൾ ലഭിക്കുന്നതു വരെ നിഗമനങ്ങൾ പ്രചരിപ്പിക്കരുതെന്ന നിലപാടിലാണു പൊലീസ് അധികൃതർ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com