
പിടികൂടിയ ലഹരി വസ്തുക്കൾ
ന‍്യൂഡൽഹി: ഡൽഹിയിൽ നിന്നു മുംബൈയിലേക്ക് ബസിൽ സഞ്ചരിക്കുകയായിരുന്ന വിദേശ യുവതിയിൽ നിന്ന് 5 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. 2.56 കിലോഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള മെത്താംഫിറ്റമിനും 584 എംഡിഎംഎ ഗുളികകളുമാണ് നൈജീരിയൻ സ്വദേശിയിൽ നിന്നു ഡയറക്റ്ററേറ്റ് ഓഫ് റവന‍്യൂ ഇന്‍റലിജൻസ് (DRI) ഉദ‍്യോഗസ്ഥർ പിടികൂടിയത്.
സംശയകരമായ വസ്തുക്കളുമായി യുവതി യാത്ര ചെയ്യുന്നുണ്ടെന്ന് ഡിആർഐ ഉദ‍്യോഗസ്ഥർക്ക് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് ലഗേജുകളിൽ ഭക്ഷ‍്യ വസ്തുക്കൾക്കൊപ്പം ഒളിപ്പിച്ച നിലയിൽ മെത്താംഫിറ്റമിനും എംഡിഎംഎ ഗുളികകളും കണ്ടെത്തിയത്.
50 കിലോമീറ്ററോളം പിന്തുടർന്നാണ് ഉദ‍്യോഗസ്ഥർ യുവതി സഞ്ചരിക്കുകയായിരുന്ന വാഹനം കണ്ടെത്തിയത്. ലഹരി വസ്തുക്കൾ ആർക്കു നൽകുന്നതിനു വേണ്ടിയാണ് കൊണ്ടുപോയതെന്ന് അടക്കമുള്ള കാര‍്യങ്ങളിൽ ഡിആർഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.