

ലഹരി വിപണനത്തിന് ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ പൂട്ടി.
Representative image
ദുബായ്: മയക്കുമരുന്ന് മാഫിയകൾക്കെതിരെ പോരാട്ടം ശക്തമാക്കി ദുബായ് പോലീസ്. ആഗോളതലത്തിൽ ലഹരി കടത്ത് തടയുന്നതിനൊപ്പം ഡിജിറ്റൽ ലോകത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി നിരവധി വെബ്‌സൈറ്റുകളാണ് അധികൃതർ അടച്ചുപൂട്ടിയത്.
രണ്ടാം പാദത്തിലെ ലഹരിവിരുദ്ധ വിഭാഗത്തിന്‍റെ നേട്ടങ്ങളും പുരോഗതിയും വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. ക്രിമിനൽ വിഭാഗം ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹാരിബ് അൽ ഷംസിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
രാജ്യാന്തര അന്വേഷണ ഏജൻസികളുമായി സഹകരിച്ച് നൂറ്റിയിരുപത്തഞ്ച് വിവരരേഖകൾ കൈമാറുകയും ഇത് വഴി ആഗോളതലത്തിൽ നിരവധി ലഹരി കടത്തുകാരെയും പ്രതികളെയും പിടികൂടാൻ സഹായിക്കുകയും ചെയ്തു.
ഓൺലൈൻ വഴി ലഹരിമരുന്നുകൾ പ്രചരിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്ത ഇരുനൂറ്റിതൊണ്ണൂറ്റേഴ് വെബ്‌സൈറ്റുകൾ കണ്ടെത്തി പൊലീസിന്‍റെ ലഹരിവിരുദ്ധ വിഭാഗം പൂട്ടിച്ചു.
പൊലീസിന് കീഴിൽ പ്രവർത്തിക്കുന്ന ഹെമായ ഇന്‍റർനാഷനൽ സെന്‍ററിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൊണ്ണൂറ്റഞ്ച് ബോധവൽക്കരണ പരിപാടികളിലൂടെ നാല് ലക്ഷത്തിലധികം ആളുകൾക്ക് നേരിട്ട് പ്രയോജനം ലഭിച്ചു.