
ചെന്നൈ: അംബാസമുദ്രം, വിക്രമസിംഗപുരം പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മര്‍ദനങ്ങളില്‍ ആരോപണനവിധേയനായ എഎസ്പി ബല്‍വീര്‍ സിങ്ങിന്റെ കസേര തെറിച്ചു. പെറ്റി കേസുകളില്‍ കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ലുകള്‍ കട്ടിങ് പ്ലെയര്‍ ഉപയോഗിച്ച് നീക്കം ചെയ്തു, ജനനേന്ദ്രിയം തകര്‍ത്തു തുടങ്ങിയ ആരോപണങ്ങളാണ് ബല്‍വീര്‍ സിങ്ങിനെതിരെ ഉയര്‍ന്നത്.
മര്‍ദനങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടർന്ന് ബല്‍വീര്‍ സിങ്ങിനെ സംസ്ഥാന പൊലീസ് മേധാവി സി. ശൈലന്ദ്ര ബാബു അടിയന്തരമായി സ്ഥാനത്തു നിന്ന് നീക്കം ചെയ്തു. ദക്ഷിണ മേഖലാ ഐജിക്കാണ് അധിക ചുമതല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികളുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇരകളുടെ വീടുകളില്‍ പ്രത്യേക സംഘം സന്ദര്‍ശനം നടത്തിയിരുന്നു. അംബാസമുദ്രം, വിക്രമസിംഗപുരം പൊലീസ് സ്റ്റേഷനുകളിലെ സിസി ടിവി ദൃശ്യങ്ങളും എഫ്ഐആര്‍ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
വേദ നാരായണന്, ചെല്ലപ്പ, സൂര്യ, മാരിയപ്പന് തുടങ്ങിയവരാണ് ബല്‍വീര്‍ സിങ്ങിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിക്രമസിംഗപുരം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ വേദ നാരായണന് കടുത്ത ആരോപണങ്ങളാണ് എഎസ്പിക്കെതിരെ ഉന്നയിച്ചത്. കട്ടിങ് പ്ലെയര്‍ ഉപയോഗിച്ച് ചെവിയിൽ മുറിവേല്‍പ്പിക്കുകയും പല്ലുകള്‍ നീക്കുകയും ചെയ്തെന്ന് 49കാരനായ വേദ നാരായണന് പറഞ്ഞു. സ്റ്റേഷനിലെ സിസി ടിവി സ്ഥാപിക്കാത്ത മുറിയിലായിരുന്നു മര്‍ദനവും പീഡനവും. എഎസ്പിയെ കൂടാതെ എസ്ഐ മുരുകേശനും ആറു പൊലീസുകാരും സംഭവസമയത്ത് മുറിയിലുണ്ടായിരുന്നു.
കുടുംബവിഷയത്തില്‍ പരാതിയില്‍ ചോദ്യം ചെയ്യാനാണ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ കൊടുംക്രിമിനലിനെ പോലെയാണ് എഎസ്പി പെരുമാറിയത്. വാര്‍ധക്യസഹജ രോഗങ്ങളുണ്ടെന്ന് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. സംസാരം ഹിന്ദിയിലായതിനാല്‍ എഎസ്പി പറയുന്നത് മനസിലായില്ല. രണ്ടു പേപ്പറുകളില്‍ ഒപ്പും കൈയടയാളവും രേഖപ്പെടുത്തിയ ശേഷമാണ് വിട്ടയച്ചത്. അതില്‍ എന്താണ് എഴുതിയതെന്ന് അറിയില്ല- വേദ നാരായണന് പറഞ്ഞു.
മര്‍ദനത്തിനിരയായ സൂര്യയെ വീട്ടില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. കുറച്ചുപേര്‍ വീട്ടിലെത്തി സൂര്യയെ കൂട്ടി കൊണ്ടുപോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത നിലയിലാണ് മാരിയപ്പനെന്ന് ബന്ധുക്കള്‍ പറഞ്ഞു. എഎസ്പിക്കെതിരെ കേസുമായി മുന്നോട്ടു പോകുന്നതില്‍ ഇവർക്കു ഭയമാണ്. അതിനാൽ സംരക്ഷണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കോടതിയില്‍ ഹാജരായ അഭിഭാഷകന് മഹാരാജന് ആവശ്യപ്പെട്ടു.