30 കോടിയുടെ 95 കൊക്കയിൻ ക്യാപ്സൂളുകൾ വിഴുങ്ങിയ ടാന്‍സാനിയന്‍ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് കൊക്കെയ്ന്‍ വയറ്റില്‍ സൂക്ഷിച്ചിരുന്നത്.
tanzanian arrested with 32 crore worth of cocaine in stomach

കൊച്ചി: ക്യാപ്സൂള്‍ രൂപത്തില്‍ കോടികളുടെ കൊക്കെയ്ൻ വിഴുങ്ങി കൊച്ചിയിൽ എത്തിച്ച കേസില്‍ ടാന്‍സാനിയന്‍ യുവതിയുടെ അറസ്റ്റ് ഡിആര്‍ഐ(ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് യൂണിറ്റ്) രേഖപ്പെടുത്തി. 30 കോടിയുടെ കൊക്കെയ്നാണ് ടാന്‍സാനിയക്കാരിയായ വെറോനിക്ക അഡ്രഹെലം നിഡുങ്കുരു വിഴുങ്ങിയത്. അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന യുവതിയുടെ വയറ്റില്‍ നിന്ന് 1.342 കിലോ വരുന്ന 95 കൊക്കയിൻ ക്യാപ്സൂളുകളാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കഴിഞ്ഞയാഴ്ച നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ യുവതിയെ സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് പരിശോധനയ്ക്കിടെ വയറിനുളളില്‍ കൊക്കെയ്ന്‍ ക്യാപ്സൂളുകള്‍ ഒളിപ്പിച്ചതായി കണ്ടെത്തി. വെറോനിക്കയുടെ സഹയാത്രികനായിരുന്ന ടാന്‍സാനിയന്‍ പൗരന്‍റെ ശരീരത്തിൽ നിന്നും 19 കോടി രൂപ വിലവരുന്ന 1.945 ഗ്രാം കൊക്കെയ്ന്‍ കണ്ടെത്തി. നിലവിലിയാൾ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്.

എന്നാല്‍ യുവതിയുടെ വയറ്റിലുണ്ടായിരുന്ന കൊക്കെയ്ന്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ കഴിയാതിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് കൊക്കെയ്ന്‍ വയറ്റില്‍ സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥര്‍ പഴങ്ങളും മറ്റും നല്‍കി ദിവസങ്ങളോളം കാത്തിരുന്ന ശേഷമാണ് വിസര്‍ജ്യത്തിലൂടെ കൊക്കെയ്ന്‍ ക്യാപ്സ്യൂളുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ കഴിഞ്ഞത്. വയറിനുളളില്‍ വച്ച് ക്യാപ്സ്യൂള്‍ പൊട്ടിയാല്‍ ഇവരുടെ ജീവന്‍ പോലും അപകടത്തിലാകുമെന്ന ഭീഷണിയും ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഉണ്ടായിരുന്നു. ഇരുവരിൽ നിന്നുമായി മൊത്തം 32 കോടിയുടെ കൊക്കയിനാണ് പിടികൂടിയത്.

Trending

No stories found.

Latest News

No stories found.