

അധ്യാപികയെ സ്കൂളിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ചു; ഭർത്താവിനെതിരേ കേസ്
കോട്ടയം: അധ്യാപികയെ സ്കൂളിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവിനെതിരേ കേസ്. പൂവത്തുംമൂട് ഗവ. എൽപി സ്‌കൂളിലെ അധ്യാപികയായ തിരുവഞ്ചൂർ മോസ്‌കോ സ്വദേശി ഡോണിയയ്ക്കാണ് പരുക്കേറ്റത്. ഇവരുടെ ഭർത്താവ് കൊച്ചുമോൻ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. കോട്ടയം മോസ്‌കോ സ്വദേശികളായ ഡോണിയയും കൊച്ചുമോനും തമ്മിൽ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് രൂക്ഷമായതോടെ ഡോണിയ മണർകാട് പൊലീസിൽ പരാതി നൽകി.
കൊച്ചുമോനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ കൊച്ചുമോൻ വീണ്ടും മർദനം തുടർന്നതോടെ ഡോണിയ ഏറ്റുമാനൂരിലുള്ള വർക്കിങ് വിമൻസ് ഹോസ്റ്റലിലേക്ക് താമസം മാറ്റിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചുമോൻ സ്‌കൂളിൽ എത്തുകയും ഈസമയം ക്ലാസ് എടുക്കുകയായിരുന്ന ഡോണിയയെ ഓഫിസ് മുറിയിലേയ്ക്കു വിളിച്ചു വരുത്തുകയുമായിരുന്നു.
വാക്കുതർക്കത്തിനിടെ കൊച്ചുമോൻ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തിൽ കുത്തി. മുറിവേറ്റ ഉടൻതന്നെ ഡോണിയയെ അധ്യാപകർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ പരുക്ക് അതീവഗുരുതരമല്ല. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു