
തിരുവനന്തപുരം: മറ്റൊരാളുടെ ചെരിപ്പിട്ട് വീട്ടിലെത്തിയതിനു ശാസിച്ച അച്ഛനെ കൊല്ലാൻ പതിനഞ്ചുകാരനായ മകന്‍റെ ശ്രമം. പൊലീസെത്തിയപ്പോൾ ആത്മഹത്യാ ശ്രമം. ഇരുവരും പരുക്കുകളോടെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ.
തിരുവനന്തപുരം പോത്തൻകോട്ടാണ് സംഭവം. മകനെ ശാസിച്ച ശേഷം കിടക്കുകയായിരുന്ന വൃക്ക രോഗിയായ അച്ഛന്‍റെ മുഖത്ത് മകൻ മുളകുപൊടി കലക്കിയ വെള്ളമൊഴിക്കുകയായിരുന്നു. സഹായത്തിന് കൂട്ടുകാരനും.
തുടർന്ന് മൂർച്ചയുള്ള ആയുധം കൊണ്ട് തലയിൽ തുരുതുരെ കുത്തി. അമ്മ ഈ സമയം ജോലിക്കു പോയിരിക്കുകയായിരുന്നു.
അച്ഛൻ കുതറിമാറി പുറത്തിറങ്ങി കതകടച്ച് കയർ കൊണ്ട് കെട്ടി. ഇതിനിടെ കൂട്ടുകാരനെ മകൻ രക്ഷപെടുത്തി പുറത്താക്കി. പൊലീസ് വരുന്നതു കണ്ട് ജനാലക്കമ്പിയിൽ തൂങ്ങി മരിക്കാനായിരുന്നു ശ്രമം. കതക് ചവിട്ടിപ്പൊളിച്ചാണ് പൊലീസ് അകത്തു കയറിയത്.