പരിശീലക പീഡിപ്പിച്ചെന്ന പരാതിയുമായി 17 കാരിയായ ബോക്സർ

പെൺകുട്ടിയുടെ പരാതിയിൽ ഹരിയാന പൊലീസ് പോക്സോ വകുപ്പു പ്രകാരം പരിശീലകയ്ക്കെതിരേ കേസെടുത്തു
Teenage female boxer alleges harassment by coach

പരിശീലക പീഡിപ്പിച്ചെന്ന പരാതിയുമായി 17 കാരിയായ ബോക്സർ

Updated on

ന്യൂഡൽഹി: ഹരിയാനയിലെ റോഹ്തകിലുള്ള സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) വനിതാ പരിശീലകയ്ക്കെതിരേ പീഡന പരാതിയുമായി 17 വയസുകാരിയായ ബോക്സർ. പെൺകുട്ടിയുടെ പരാതിയിൽ ഹരിയാന പൊലീസ് പോക്സോ വകുപ്പു പ്രകാരം പരിശീലകയ്ക്കെതിരേ കേസെടുത്തു.

അയർലണ്ടിൽ നടന്ന ഒരു ഇന്ത്യാ ക്യാംപിനിടെ (മാർച്ച് 24 മുതൽ ഏപ്രിൽ 3 വരെ) പരിശീലക തന്‍റെ മകളെ ശാരീരിക - ലൈംഗിക പീഡനങ്ങൾ നടത്തിയതായി ബോക്സറുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. ഇന്ത്യയിലെ യുവ ബോക്സർമാർക്കുള്ള പരിശീലന, എക്സ്പോഷർ ക്യാമ്പിന്‍റെ തലപ്പത്തുള്ള ആളാണ് ആരോപണ വിധേയയായ പരിശീലക.

പരിശീലക നിര്‍ബന്ധിച്ച് വസ്ത്രങ്ങള്‍ അഴിപ്പിച്ചതായും പല തവണ മര്‍ദിച്ചതായും കരിയര്‍ ഇല്ലാതാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും മോശം താരമാണെന്നു സഹ താരങ്ങളോടു പരിശീലക കുട്ടിയെക്കുറിച്ച് അഭിപ്രായം പറഞ്ഞതായും പരാതിയിലുണ്ട്. 

പോക്സോ വകുപ്പിലെ സെക്ഷൻ 10, ഭാരതീയ ന്യായ് സംഹിതയുടെ സെക്ഷൻ 115, 351(3) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും പരിശീലകയെ സ്ഥാനത്തു നിന്നും മാറ്റാൻ തയാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.

തങ്ങൾക്ക് ലഭിച്ച പരാതിയിൽ തല്ലുന്നതു പോലുള്ള ശാരീരിക പീഡനം മാത്രമാണുള്ളതെന്നും ബോക്സറോ അവരുടെ മാതാപിതാക്കളോ പരിശീലകയ്ക്കെതിരേ ലൈംഗിക പീഡനം ഉന്നയിച്ചിട്ടില്ലെന്നുമാണ് ബോക്സിങ് ഫെഡറേഷന്‍റെ വിശദീകരണം.

'പരാതി ലഭിച്ച ഉടൻ തന്നെ രണ്ട് അംഗങ്ങളുടെ ഒരു പാനൽ രൂപീകരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. മൊഴികൾ രേഖപ്പെടുത്താൻ ഒരു അഭിഭാഷകനും ഉണ്ടായിരുന്നു. പരിശീലക തല്ലുന്നതിനെക്കുറിച്ചും ഫ്രണ്ട് റോളുകൾ ചെയ്യാൻ ആവശ്യപ്പെട്ടതിനെക്കുറിച്ചുമാണ് പരാതിക്കാരിയായ ബോക്സർ സംസാരിച്ചത്. ടീമിലെ മറ്റ് അംഗങ്ങളുമായും സപ്പോർട്ട് സ്റ്റാഫുമായും പരിശീലകയുമായും ഞങ്ങൾ സംസാരിച്ചു. റോഹ്തക്കിലെ അക്കാദമി സന്ദർശിക്കുകയും അവിടെയുള്ള ബോക്സർമാരുമായി സംസാരിക്കുകയും ചെയ്തു. ഞങ്ങളുടെ റിപ്പോർട്ട് ഞങ്ങൾ എസ്എഐക്ക് സമർപ്പിച്ചു'- എന്നും ബോക്സിങ് ഫെഡറേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com