
അരുൺ
തൃശൂർ: കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയെത്തിയ ബംഗളൂരു സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൂജാരി അറസ്റ്റിൽ. പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രത്തിലെ സഹ പൂജാരിയായ അരുൺ (38) ആണ് അറസ്റ്റിലായത്. കർണാടക ബെല്ലന്തൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭർത്താവ് മരിച്ചതിനെ തുടർന്നാണ് പ്രശ്ന പരിഹാരത്തിനായി ബംഗളൂരുവിലെ സ്വകാര‍്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ക്ഷേത്രത്തിലെത്തിയത്.
എന്നാൽ കുടുംബത്തിനു നേരെ ആരോ മന്ത്രവാദം നടത്തിയതായും അതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ദുഷ്ടശക്തികളെ ഒഴിവാക്കുന്നതിന് പൂജ ചെയ്യണമെന്നും അരുൺ നിർദേശിച്ചു. തുടർന്ന് യുവതിയുടെ ഫോൺ നമ്പർ കൈക്കലാക്കിയ പ്രതി വിഡിയോ കോൾ ചെയ്യുകയും പിന്നീട് യുവതി ക്ഷേത്ര ദർശനം നടത്തിയപ്പോൾ ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് പരാതി.
യുവതിയുടെ 2 കുട്ടികൾക്കുമെതിരേ മന്ത്രവാദം ചെയ്യുമെന്നും ലൈംഗികാവശ‍്യത്തിനായി ഭീഷണിപ്പെടുത്തിയെന്നും ഇതിന്‍റെ വിഡിയോ പകർത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.