
പ്രസാദത്തെ ചൊല്ലി തർക്കം; ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു
ന‍്യൂഡൽഹി: ഡൽഹിയിൽ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു. ഉത്തർപ്രദേശ് സ്വദേശി യോഗേന്ദ്ര സിങ്ങാണ് കൊല്ലപ്പെട്ടത്. പ്രസാദത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം. കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനായ യോഗേന്ദ്ര സിങ്ങിനെ മൂന്നംഗ സംഘമാണ് അടിച്ചു കൊന്നത്.
ആക്രമണത്തിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
ക്ഷേത്ര ദർശനം പൂർത്തിയാക്കിയ ശേഷം പ്രതികൾ പ്രസാദത്തിനായി യോഗേന്ദ്ര സിങ്ങിനെ സമീപിച്ചു. തുടർന്ന് മൂവർ സംഘവും ജീവനക്കാരനും തമ്മിൽ തർക്കമുണ്ടാവുകയും ഇതേത്തുടർന്ന് കൈയിലുണ്ടായിരുന്ന വടികൾ ഉപയോഗിച്ച് യോഗേന്ദ്ര സിങ്ങിനെ പ്രതികൾ ആക്രമിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവ സ്ഥലത്തേക്ക് ജനക്കൂട്ടം തടിച്ചു കൂടാൻ തുടങ്ങിയതോടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികളിലൊരാളെ ക്ഷേത്രത്തിലുണ്ടായിരുന്നവർ തന്നെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മറ്റു രണ്ടു പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും പൊലീസ് വ‍്യക്തമാക്കി.