
രാധിക യാദവ്
ഗുരുഗ്രാം: ടെന്നിസ് താരം കൂടിയായ മകളെ വെടിവച്ചു കൊന്ന പിതാവ് അറസ്റ്റിൽ. ഹരിയാനയിലാണ് സംഭവം. 25കാരിയായ രാധിക യാദവ് ആണ് കൊല്ലപ്പെട്ടത്. സുശാന്ത് ലോക്- ഫേസ് 2 വിലുള്ള വസതിയിൽ വച്ചായിരുന്നു കൊല. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. മകൾ ഇൻസ്റ്റഗ്രാം റീൽസിൽ കൂടുതൽ സമയം ചെലവഴിച്ചത് അസ്വസ്ഥനാക്കിയിരുന്നതായും പ്രണയബന്ധം എതിർത്തിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പ്രതിയുടെ കൈയിൽ നിന്ന് പൊലീസ് റിവോൾവൾ പിടിച്ചെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ടോടെ വീടിനുള്ളിൽ വച്ച് 5 തവണയാണ് രാധികയ്ക്കു നേരെ പിതാവ് നിറയൊഴിച്ചത്. ഇതിൻ മൂന്നു ബുള്ളറ്റുകൾ രാധികയുടെ ശരീരത്തിൽ തുളഞ്ഞു കയറിയിട്ടുണ്ട്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ ടെന്നിസിലെ ഉയർന്നു വരുന്ന പ്രതിഭയായിരുന്നു രാധിക.
ഡബിൾസ് ഫോർമാറ്റിൽ രാധിക മികച്ച പ്രകടനമാണ് കാഴ്ച വച്ചിരുന്നത്. വനിതകളുടെ ഡബിൾസിൽ ഹരിയാനയിൽ അഞ്ചാം റാങ്കും ആഗോളതലത്തിൽ 113ാം റാങ്കും സ്വന്തമാക്കിയിരുന്നു. ഒരു ടെന്നിസ് അക്കാഡമിയും രാധിക നടത്തിയിരുന്നു.