

അന്തര ബാനർജി.
ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥനെ റേസർ ഉപയോഗിച്ച് ആക്രമിച്ച കേസിൽ അറസ്റ്റിലായത് താനല്ലെന്ന് വ്യക്തമാക്കി ടെലിവിഷൻ താരം അന്തര ബാനർജി. പേരുമാറിയുണ്ടായ ആശയക്കുഴപ്പത്തെത്തുടർന്ന് മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിച്ചതോടെയാണ് താരത്തിന്‍റെ പ്രതികരണം.
സൂറത്തിലേക്ക് പോയ ട്രെയിനിൽ സീറ്റിനെച്ചിലുണ്ടായ തർക്കത്തെത്തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ജിആർപി അറസ്റ്റ് ചെയ്തത് മറ്റൊരു മോഡലിനെയാണ്. അന്തര സോഹം ബാനർജി എന്നാണ് ഇവരുടെ പേര്. ഇതാണ് താൻ അറസ്റ്റിലായെന്ന വാർത്ത തെറ്റായി പ്രചരിക്കാൻ കാരണമായതെന്ന് അന്തര ബാനർജി പറയുന്നു.
അറസ്റ്റിലായ അന്തര സോഹം ബാനർജി.
അന്തര ബാനർജിയും പ്രതിയായ അന്തര സോഹം ബാനർജിയും വ്യത്യസ്ത വ്യക്തികളാണെന്നും, ഈ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും താരത്തിന്‍റെ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു. തെറ്റായ ചിത്രങ്ങളും വാർത്തകളും പ്രചരിപ്പിച്ചതിനെതിരേ ടീം രംഗത്തെത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 12-ന് ആരവല്ലി എക്സ്പ്രസിൽ റിസർവ് ചെയ്ത സീറ്റിലിരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് ആർപിഎഫ് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്റ്റർ യാമിനികാന്ത് മിശ്രയ്ക്കു നേരെ ആക്രമണമുണ്ടായത്. തുടർന്ന് ബോറിവലി റെയിൽവേ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
'കുംറ': എൻഡ് ഓഫ് ഇന്നൊസെൻസ്' എന്ന പരമ്പരയിലൂടെ 2012-ൽ അഭിനയരംഗത്തെത്തിയ അന്തര ബാനർജി, സാവ്‍ധാൻ ഇന്ത്യ, കസൗട്ടി സിന്ദഗി കേ, രാഗിണി എംഎംഎസ് റിട്ടേൺസ് സീസൺ 2 തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ നടിയാണ്.