
കോട്ടയം: വാകത്താനത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാകത്താനം നാലുന്നാക്കൽ ഭാഗത്ത് കൊച്ചുമണിയം പിടവത്ത് വീട്ടിൽ മോബിൻ തോമസിനെ(44)യാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സ്ത്രീധനത്തിന്റെ പേരിൽ മോബിന്‍ ഭാര്യയുമായി വീട്ടിൽ കലഹം പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വച്ച് ഭാര്യയുമായി വഴക്കുണ്ടാവുകയും തുടർന്ന് കൊല്ലുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി വീടിന്റെ പോർച്ചിലിരുന്ന പ്ലാസ്റ്റിക് കസേര കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ഇതിന് ശേഷം ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് വാകത്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ കുമളിക്കടുത്തുനിന്ന് പിടികൂടുകയുമായിരുന്നു.
മുൻപ് ഭാര്യയെ ആക്രമിച്ചതിന് ഇയാൾക്കെതിരെ വാകത്താനം സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. വാകത്താനം സ്റ്റേഷൻ എസ്.ഐ തോമസ് ജോസഫ്, കെ.എസ് സുനിൽ, സി.പി.ഓ മാരായ കെ.ജെ തോമസ്, എൻ.ജെ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ഇയാളെ . കുമളിയിൽ നിന്നും അറസ്റ്റ് ചെയ്തത്.