വിലപിടിപ്പുള്ള ചില സാധനങ്ങൾ മോഷണം പോയെന്ന പരാതിയെ തുടർന്ന്, പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ വിവാദ വ്യവസായി മോൻസൻ മാവുങ്കലിന്‍റെ കലൂരിലുള്ള വീട്ടിൽ കേസന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ ആർ റസ്റ്റം പരിശോധന നടത്തുന്നു.
വിലപിടിപ്പുള്ള ചില സാധനങ്ങൾ മോഷണം പോയെന്ന പരാതിയെ തുടർന്ന്, പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ വിവാദ വ്യവസായി മോൻസൻ മാവുങ്കലിന്‍റെ കലൂരിലുള്ള വീട്ടിൽ കേസന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ ആർ റസ്റ്റം പരിശോധന നടത്തുന്നു.മനു ഷെല്ലി

മോന്‍സണ്‍ മാവുങ്കലിന്‍റെ വീട്ടില്‍ മോഷണം; പരാതിക്കാരും പൊലീസും തമ്മിൽ വെല്ലുവിളി

വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിച്ചു. വീട് നേരത്തെ തന്നെ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽ.

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്‍റെ കലൂരിലെ വീട്ടില്‍ മോഷണം നടന്നെന്നു പരാതി. ഇതെത്തുടർന്ന് ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽ തന്നെയുള്ളതാണ് വീട്. മോൻസൻ മാവുങ്കൽ തന്നെയാണ് ഇവിടെ മോഷണം നടന്നതായി പരാതിപ്പെട്ടതും.

വിലപിടിപ്പുള്ള ലോഹങ്ങള്‍ കൊണ്ട് നിര്‍മിച്ച വിളക്കുകള്‍ ഇവിടെനിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റത്തിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിക്കുകയും ചെയ്തു. സ്ഥലത്തെക്കുറിച്ച് നന്നായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. വാതിലോ മറ്റോ തകർത്തതിന്‍റെ ലക്ഷണങ്ങളില്ല. അതിനാൽ വീടിന്‍റെ താക്കോൽ കൈവശമുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

അതിനിടെ, മോന്‍സന്‍റെ മകനും പരാതിക്കാരും കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കുന്ന ദൃശ്യം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാര്‍ ആരോപിച്ചതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനും പരാതിക്കാരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ കൗതുകമുണർത്തി.

അന്വേഷണ കാലയളവില്‍ ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റം ഭീഷണിപ്പെടുത്തി പണംവാങ്ങിയെന്നും വിദേശയാത്രകള്‍ നടത്തിയെന്നും ആരോപിച്ച് പരാതിക്കാര്‍ നേരത്തെ വിജിലന്‍സിനെ സമീപിച്ചിരുന്നു. വിജിലൻസ് മുൻപാകെ ഹാജരാകാൻ അന്വേഷണഉദ്യോഗസ്ഥൻ ഡിവൈഎസ്പി വൈ.ആർ. റസ്റ്റത്തിന് വിജിലൻസ് നിർദേശം നൽകുകയും ചെയ്തിരുന്നു.

റസ്റ്റം പണം വാങ്ങിയതായി ചൂണ്ടിക്കാട്ടി പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ കോഴിക്കോട് സ്വദേശി യാക്കൂബ് പുറായിലാണ് വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയിരുന്നത്. പണം നൽകിയതിന്‍റെ തെളിവുൾപ്പെടെ വിജിലൻസ് ഡയറക്ടർക്കു കൈമാറിയിരുന്നു. ഡിവൈഎസ്പി ടോമി സെബാസ്റ്റ്യനാണ് ഇതിലെ അന്വേഷണച്ചുമതല.

എന്നാൽ, പരാതിക്കാരുടെ ഹവാലയിടപാടുകള്‍ ഇഡിയെ അറിയിക്കാനുള്ള നീക്കത്തെ തടയാന്‍ മോന്‍സനും പരാതിക്കാരും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ തുടര്‍ച്ചയാണ് ആരോപണങ്ങളെന്ന് ഡിവൈഎസ്പി വൈ.ആര്‍ റസ്റ്റം പ്രതികരിച്ചു.