
തൃശൂർ : പട്ടാപ്പകൽ വൻ സ്വർണക്കവര്‍ച്ച. സ്വർണ വ്യാപാരിയേയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ ഗ്രാം സ്വർണമാണ് കവർന്നത്. കോയമ്പത്തൂരിൽ നിന്നും കാറിൽ കൊണ്ടുവന്നിരുന്ന സ്വർണാഭരണങ്ങളാണ് ദേശീയപാത കുതിരാന് സമീപത്തുവെച്ച് മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം കവർന്നത്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. കോയമ്പത്തൂരിൽ പണികഴിപ്പിച്ച് തൃശൂരിലേക്ക് കാറിൽ കൊണ്ടുവന്നിരുന്ന രണ്ടര കിലോ സ്വർണമാണ് മൂന്ന് കാറുകളിലായി മുഖം മറച്ചെത്തിയ സംഘം കവർന്നത്. സ്വർണം കൊണ്ടുവന്ന സ്വിഫ്റ്റ് കാറിനെ പിന്തുടർന്നെത്തിയ സംഘം കാർ തടഞ്ഞുനിർത്തിയതിനു ശേഷം കാറിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. സ്വർണ വ്യാപാരി തൃശൂർ കിഴക്കേകോട്ട സ്വദേശി അരുൺ സണ്ണിയെയും സുഹൃത്ത് റോജി തോമസിനെയും കത്തിയും കൈക്കോടാലിയും കാട്ടി ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു.
തുടർന്ന് കാറിൽ നിന്ന് ഇരുവരെയും പുറത്തിറക്കിയ ശേഷം സ്വർണവും കാറും കൈക്കലാക്കി. കവർച്ചാസംഘം എത്തിയ കാറുകളിൽ ഇരുവരെയും കയറ്റി പുത്തൂരിൽ വച്ച് അരുൺ സണ്ണിയെയും, പാലിയേക്കരയിൽ വെച്ച് റോജി തോമസിനെയും ഇറക്കി വിടുകയും ചെയ്തു. സംഭവത്തിൽ പീച്ചി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അക്രമികൾ എത്തിയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.